ആണവ ആയുധങ്ങള്‍ നിര്‍മിക്കുന്ന ഇറാനെ ചെറുക്കാന്‍ യുഎസ്സുമായി കൈകോര്‍ക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യയെര്‍ ലാപിഡ്.അവരുമായുള്ള ആണവ കരാര്‍ വിഷയത്തില്‍ തങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും എന്നാല്‍ സത്യസന്ധമായ സംവാദം നല്ല ചങ്ങാത്തത്തിന്റെ ശക്തിയാണെന്നും അദ്ദേഹം യുഎസ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇസ്രായേലും തങ്ങളും സംയുക്തമായി ഇറാനെ പ്രതിരോധിക്കുമെന്നും ആണവ കരാറാണ് അവരെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. 2015 ലെ ഇറാന്‍ ആണവ കരാര്‍ നവീകരിക്കുന്ന വിഷയത്തില്‍ ഇസ്രായേലുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നത് അദ്ദേഹം സ്ഥിരീകരിച്ചു.
എന്നാല്‍ കരാര്‍ പൂര്‍ണമായി നടപ്പാക്കുന്നതാണ് അവരെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല വഴിയെന്ന് ഇപ്പോഴത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ കരുതുന്നുവെന്നും 2018ല്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍നിന്ന് പിന്മാറിയത് മൂലം ഇറാന്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ബ്ലിങ്കന്‍ പറഞ്ഞു. ബില്യണ്‍ കണക്കിന് ഡോളര്‍ സഹായം നല്‍കി ജോയിന്‍റ് കോംപ്രഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഒഎ) വഴി ബൈഡന്‍ ഭരണകൂടം കരാര്‍ പുതുക്കാന്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.ഇറാന്റെ ഭീഷണി പ്രതിരോധിക്കാന്‍ പഴയ കരാര്‍ പുതുക്കിയാല്‍ പോരെന്ന നിലപാടിലാണ് ഇസ്രായേല്‍. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ യുഎസ്സും ഇസ്രായേലും ഒന്നിച്ചു നില്‍ക്കുമെന്നും ഇറാന്‍ ഒരിക്കലും ആണവായുധം കൈക്കലാക്കില്ലെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. തങ്ങളുടെ ആണവ പദ്ധതി സിവിലിയന്‍ ഉപയോഗത്തിന് മാത്രമാണെന്നാണ് ഇറാന്‍ വാദിക്കുന്നത്.
2020 ല്‍ ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ച നാലു അറബ് രാജ്യങ്ങളുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് ബ്ലിങ്കന്റെ പ്രസ്താവന. ചര്‍ച്ചയില്‍ ആണവ കരാര്‍ സുപ്രധാന അജണ്ടയാകുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലും ഇറാന്റെ ഇതര അയല്‍രാജ്യങ്ങളും അവരെ ശക്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ആണവ കരാറിനെ എതിര്‍ക്കുകയാണ്. മേഖലയില്‍ ഇറാന്‍ നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇറാന്‍ ആരോപണം നിഷേധിക്കുകയാണ്.