ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫാണ് പ്രമേയം അവതരിപ്പിച്ചത് . തുടര്‍ന്നുള്ള ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും.
പാക്കിസ്ഥാനിലെ രാഷ്ട്രീയമായ അസ്ഥിരാവസ്ഥ തുടരുകയാണ്. പ്രതിപക്ഷം അവിശ്വാസം അവതരിപ്പിച്ചതിനെ തുടർന്ന് രണ്ട് ദിവസത്തെ അവധിക്ക് ശേഷം ദേശീയ അസംബ്ലി ഇന്ന് യോഗം ചേര്‍ന്നു. നിയമസഭയിലെ 161 അംഗങ്ങള്‍ പ്രധാനമന്ത്രിയ്‌ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു. തുടര്‍ ചര്‍ച്ചകള്‍ മാര്‍ച്ച് 31 ന് നടക്കുമെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇമ്രാന്‍ ഖാനെതിരായ പ്രമേയം പാകിസ്ഥാനെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നും മാര്‍ച്ച് 31 നകം അവിശ്വാസ പ്രമേയത്തില്‍ തീരുമാനമാകുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു.
342 അംഗ പാര്‍ലമെന്റില്‍ 172 അംഗങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നാണ് ഇമ്രാന്‍ പക്ഷത്തെ പ്രതീക്ഷ. നിയമസഭയിലെ 161 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. വളരെ നേരിയ പ്രതീക്ഷയാണ് ഇമ്രാന്‍ സര്‍ക്കാരിനുള്ളതെന്നാണ് വിലയിരുത്തല്‍ . പ്രതിപക്ഷം ആത്മവിശ്വാസത്തിലാണ്.
‘നയാ പാകിസ്ഥാന്‍’ എന്ന വാഗ്ദാനവുമായി 2018 ല്‍ ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വന്നെങ്കിലും രാജ്യത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതിനാല്‍ ജനപിന്തുണ നഷ്ടമായി. ഇതാണ് പ്രധാനമായും അദ്ദേഹത്തിന്റെ സര്‍ക്കാരിനെ എതിർക്കാൻ പ്രതിപക്ഷത്തിനു ലഭിച്ച ആയുധം.