Saturday, May 30, 2026

ജൂണ്‍ മൂന്നിന് ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കും

ബെംഗളൂരു: കര്‍ണാടകയില്‍ വലിയ രാഷ്ട്രീയ നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന്, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ പുതിയ നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി (സിഎല്‍പി) ഇന്ന് യോഗം ചേരുന്നുണ്ട്.

മാസങ്ങളായി കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സിദ്ധരാമയ്യ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് രാജിക്കത്ത് നല്‍കിയത്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരമാണ് താന്‍ സ്ഥാനമൊഴിയുന്നതെന്ന് വ്യക്തമാക്കിയ സിദ്ധരാമയ്യ, രാജി സമര്‍പ്പിച്ചതിന് ശേഷം ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെയും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും നേരിട്ട് കണ്ടു. മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കിയതിന് അദ്ദേഹം നേതൃത്വത്തിന് നന്ദി അറിയിച്ചു. കര്‍ണാടകയില്‍ സുഗമമായ അധികാര കൈമാറ്റത്തിന് യാതൊരു തടസ്സവുമില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിലും പാര്‍ട്ടിയെ താഴേത്തട്ടില്‍ ശക്തിപ്പെടുത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ച ഡി.കെ. ശിവകുമാറിനെ സി.എല്‍.പി നേതാവായി യോഗം ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ശക്തമായ സൂചന. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും സ്വാധീനമുള്ള വൊക്കലിഗ സമുദായ നേതാവെന്ന നിലയില്‍ ശിവകുമാറിന്റെ സ്ഥാനാരോഹണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഭരണത്തിലും കോണ്‍ഗ്രസിന് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍. ഇന്നത്തെ സി.എല്‍.പി യോഗത്തിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം ഉണ്ടാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!