ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിന്‍ ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍ ബേസില്‍ രാജു (22) ആണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണമടഞ്ഞത്. ബള്‍ഗേറിയയിലെ വര്‍ണ്ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ബേസില്‍, കഴിഞ്ഞ ദിവസമാണ് ഡബ്ലിനിലെ സ്വന്തം വീട്ടില്‍ അവധിക്കാലം ചിലവഴിക്കാനായി എത്തിയത്.
എറണാകുളം രാമമംഗലം കിഴക്കേ പൊന്നാട്ട് കുടുംബാംഗമാണ് പരേതനായ ബേസില്‍ രാജു. പിതാവ് രാജു കുര്യാക്കോസ് ഡബ്ലിന്‍ ഫീനിക്സ് പാര്‍ക്കിലും, മാതാവ് ലൂസി മാത്യു ചെറി ഓര്‍ക്കാര്‍ഡ്‌സ് ഹോസ്പിറ്റലിലുമാണ് ജോലി ചെയ്യുന്നത്. ഏക സഹോദരി ഡോ. റിയന്‍സി രാജു നാവന്‍ അവര്‍ ലേഡി ഹോസ്പിറ്റലില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ്.

ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ യാക്കോബൈറ്റ് ചര്‍ച്ച് ഇടവകാംഗമാണ് ബേസില്‍ രാജു. അപ്രതീക്ഷിതമായി എത്തിയ വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രവാസി മലയാളി സമൂഹം. ബേസിലിന്റെ സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നടത്തപ്പെടുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
