തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വർദ്ധിപ്പിച്ചു. മിനിമം ബസ് ചാര്‍ജ് എട്ടില്‍ നിന്ന് പത്ത് രൂപയാക്കി. കിലോമീറ്റര്‍ ചാര്‍ജ് 90 പൈസയില്‍ നിന്ന് ഒരു രൂപയാക്കും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ അത് എല്ലാവര്‍ക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു. ഇന്ധന നിരക്ക് വര്‍ദ്ധിക്കുന്നതിന് ആനുപാതികമായ വര്‍ദ്ധനവല്ല ഏര്‍പ്പെടുത്തിയതെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
മിനിമം ചാര്‍ജിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാകും. മിനിമം ചാര്‍ജ് 12 രൂപ ആക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. വിദ്യാര്‍ത്ഥികളുടെ നിരക്ക് ഉയര്‍ത്തുന്നത് പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.
ഓട്ടോ ടാക്‌സി നിരക്കും കൂടും. ഓട്ടോ കൂലി മിനിമം 30 രൂപയാകും. 30 രൂപയ്ക്ക് രണ്ട് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കും.
ടാക്‌സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകള്‍ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളില്‍ 225 രൂപയുമായിരിക്കും. വെയിറ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്‌സി നിരക്ക് ഘടനയില്‍ മാറ്റമില്ലെന്ന് ഗതാഗത മന്ത്രി വിശദീകരിച്ചു. ഓട്ടോ മിനിമം ചാര്‍ജിന്റെ ദൂരം ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ആക്കി ഉയര്‍ത്തി.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുള്ള ബസ് ചാര്‍ജ് വര്‍ധനവ് അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ വ്യക്തമാക്കി. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയതാണെന്നും അതിന് ശേഷം പല തവണ ഇന്ധനവില കൂട്ടിയെന്നും ബസ്ഉടമകള്‍ പറഞ്ഞു. തുടര്‍ നിലപാട് ഉടന്‍ യോഗം ചേര്‍ന്ന് സ്വീകരിക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.