കൊളംബോ: ശ്രീലങ്ക കടന്നുപോകുന്നത് ഏറ്റവും മോശമായ സാഹചര്യത്തില്‍. രാജ്യത്തെ ഇന്ധന ക്ഷാമം അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്.വൈദ്യുതി രാജ്യത്ത് പതിയെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സമയവും ഇപ്പോള്‍ പവര്‍ കട്ടാണ്. രാജ്യത്തെ ഡീസല്‍ പൂര്‍ണമായും തീര്‍ന്നിരിക്കുകയാണ്. 13 മണിക്കൂറാണ് ലങ്കയില്‍ ഇപ്പോള്‍ പവര്‍ കട്ട്. ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള പണം പോലും നല്‍കാനുള്ള ശേഷിയില്ല. വിദേശനാണ്യം തീര്‍ന്നതോടെ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ്. എല്ലാത്തിനും കാരണം സര്‍ക്കാരാണെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. നേരത്തെ ഇന്ധനത്തില്‍ ആഴ്ച്ചകളോളം ജനങ്ങള്‍ പമ്പുകളിൽ ക്യൂവിലായിരുന്നു.
ജനരോഷം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. തെരുവുകളില്‍ നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി ഇറങ്ങിയത്. പ്രസിഡന്റ് രജപക്‌സെയുടെ വസതിക്ക് പുറത്ത കലാപാന്തരീക്ഷമായിരുന്നു. പ്രക്ഷോഭകാരികള്‍ രജപക്‌സെയുടെ വസതിയിലേക്ക് ഇടിച്ച് കയറാനും ശ്രമിച്ചു. എന്നാല്‍ സൈനികരാണ് തടഞ്ഞത്. കണ്ണീര്‍വാതകവും, ജലപീരങ്കിയും ഉപയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. കൊളംബോയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 45 പേര്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. പ്രക്ഷോഭം നടത്തിയവര്‍ ദേശവിരുദ്ധരും തീവ്രവാദികളുമാണെന്ന് സര്‍ക്കാര്‍ആരോപിച്ചു. ബുധനാഴ്ച്ചമുതല്‍ രാജ്യത്ത് പത്ത് മണിക്കൂര്‍ പവര്‍ കട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് ആദ്യ വാരത്തില്‍ പ്രഖ്യാപിച്ചത് ഏഴ് മണിക്കൂര്‍ പവര്‍ കട്ടായിരുന്നു. അതാണ് പത്ത് മണിക്കൂറാക്കിയത്. ഹൈഡ്രോഇലക്‌ട്രിസിറ്റി തീര്‍ന്നതോടെയാണ് പവര്‍ കട്ട് സമയം നീട്ടിയത്.
ഈ പത്ത് മണിക്കൂര്‍ എന്നതാണ് ഡീസല്‍ കിട്ടാനില്ലാതായതോടെ 13 മണിക്കൂറായി ഉയര്‍ത്തിയത്. അതേസമയം ഇന്ത്യ ശ്രീലങ്കയെ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. 40000 ടണ്‍ ഡീസലാണ് ഇ്ന്ത്യ ശ്രീലങ്കയിലേക്ക് അയക്കാന്‍ പോകുന്നത്. ശ്രീലങ്ക ഇന്ധനത്തിനായി നൂറ് ശതമാനവും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ സഹായങ്ങള്‍ ഇനിയും നല്‍കാമെന്ന് ലങ്കയെ അറിയിച്ചിട്ടുണ്ട്. അരി, ഗോതമ്പ്, ധാന്യങ്ങള്‍, പഞ്ചസാര, മരുന്നുകള്‍ എന്നിവ ശ്രീലങ്കയിലേക്ക് നല്‍കും. മൊത്തവ്യാപാര പണപ്പെരുപ്പം 18.7 ശതമാനമെത്തിയിരുന്നു മാര്‍ച്ചില്‍. ഭക്ഷ്യ വിലക്കയറ്റം 30.2 ശതമാനത്തിലുമെത്തിയിരുന്നു. രാസവളങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയ നടപടിയും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പല കാര്യങ്ങള്‍ കൊണ്ട് സംഭവിച്ചതാണ്. അനവസരത്തിലുള്ള നികുതി ഇളവുകള്‍, മോശം നിക്ഷേപങ്ങള്‍, കൊവിഡ്, എന്നിവയെല്ലാം പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. 2019ല്‍ വലിയ നികുതി ഇളവ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വരുമാനം വന്‍ തോതിലാണ് കുറയാന്‍ ഇടയാക്കിയത്. സര്‍ക്കാര്‍ കടബാധ്യതകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്. ഏഴ് മില്യണാണ് ശ്രീലങ്കയുടെ അന്താരാഷ്ട്ര കടം. ജിഡിപിയുടെ 119 ശമതാനത്തോളം വരും കടം. വിദേശ കറന്‍സികളുടെ ഇടിവ് 70 ശതമാനത്തോളം വന്നതോടെ ഇറക്കുമതി ഇല്ലാതായി. അവശ്യ സാധനങ്ങള്‍ പലതും രാജ്യത്ത് കിട്ടാനില്ല. ചൈനയില്‍ നിന്നെടുത്ത വായ്പയും ലങ്കയുടെ തകര്‍ച്ച പൂര്‍ണമാക്കി.