ന്യൂ ഡൽഹി : റഷ്യക്കും യുക്രൈനും ഇടയില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് മദ്ധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്. ഇന്ത്യന്‍ വിദേശ നയങ്ങള്‍ സ്വതന്ത്ര്യവും യഥാര്‍ത്ഥ ദേശീയതാല്‍പ്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.
‘ഇന്ത്യ സുപ്രധാന രാഷ്ട്രമാണ്. അന്താരാഷ്ട്ര പ്രശ്നങ്ങളോട് നീതിയുക്തവും യുക്തിസഹവുമായ സമീപനമാണ് ഇന്ത്യയ്ക്കുള്ളത്. പ്രശ്നപരിഹാരത്തിലേയ്ക്കു നയിക്കുന്ന പങ്ക് ഇന്ത്യയ്ക്ക് നല്‍കാനായാല്‍ ആ സമീപനത്തെ റഷ്യ പിന്തുണയ്ക്കും.’ ലാവ് റോവ് പറഞ്ഞു.
റഷ്യന്‍ ഫെഡറേഷനില്‍ നിന്ന് എന്തെങ്കിലും വാങ്ങാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കില്‍, ചര്‍ച്ച ചെയ്യാനും പരസ്പര സ്വീകാര്യമായ സഹകരണം നേടാനും റഷ്യ തയ്യാറാണെന്നും ലാവ്റോവ് അറിയിച്ചു. യുക്രൈന്‍- റഷ്യ യുദ്ധത്തിന്റ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് തുറന്ന പിന്തുണയാണ് റഷ്യ വാഗ്ദാനം ചെയ്യുന്നത്.
‘ഇന്ത്യന്‍ വിദേശനയങ്ങളുടെ സവിശേഷത അത് സ്വതന്ത്ര്യവും യഥാര്‍ത്ഥ ദേശീയതാല്‍പ്പര്യങ്ങളില്‍ അധിഷ്ഠിതവുമാണ് എന്നതാണ്. ഇതേ നയമാണ് റഷ്യന്‍ ഫെഡറേഷനുമുള്ളത്. ഇതാണ് ഇന്ത്യയേയും റഷ്യയേയും നല്ല സുഹൃത്തുക്കളും വിശ്വസ്ത പങ്കാളികളുമാക്കി മാറ്റുന്നത് ‘
‘ഇന്ത്യയുമായി പതിറ്റാണ്ടുകളായി രൂപപ്പെട്ട ബന്ധമാണ് ചര്‍ച്ചകളുടെ സവിശേഷത. എല്ലാ മേഖലകളിലും ആ സഹകരണം പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ അടിസ്ഥാനവും ഇതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.