പെണ്‍മക്കള്‍ക്ക് ലോകം കാണണം. അതിനായി 10 കോടി മുടക്കി ക്രൂയിസ് കപ്പലി(cruise ship)ല്‍ അപാര്‍ട്മെന്റ്(Apartment) വാങ്ങി ദമ്പതികൾ.യുഎസ്സിലെ ലോസ് ഏഞ്ചല്‍സി(Los Angeles)ലുള്ള ദമ്പതികളാണ് കോടികള്‍ മുടക്കി ഈ കപ്പലിലെ അപാര്‍ട്മെന്റ് വാങ്ങിയത്. മാര്‍ക്കും ബേത്ത് ഹണ്ടറും(Mark and Beth Hunter) എപ്പോഴും തങ്ങളുടെ രണ്ട് പെണ്‍മക്കളുമായി ലോകം ചുറ്റിക്കാണാനാഗ്രഹിച്ചിരുന്നു. അതിനായി ഒരു കുഞ്ഞ് ബോട്ടായിരുന്നു ആദ്യം സ്വപ്നത്തില്‍. എന്നാല്‍, പിന്നീട് അവര്‍ക്ക് വേണ്ടി വലുതെന്തെങ്കിലും തന്നെ വേണം എന്ന ചിന്തയാണ് കപ്പലിലെ അപാര്‍ട്മെന്റ് വാങ്ങുന്നതിലേക്ക് നയിച്ചത്.
രണ്ട് കിടപ്പുമുറി, രണ്ട് ബാത്ത്‍റൂം എന്നിവയാണ് ഈ കപ്പലിനകത്തെ അപാര്‍ട്മെന്റിലുള്ളത്. കൂടാതെ, ക്ലിനിക്, ലൈബ്രറി, സ്പാ, സിനിമ തുടങ്ങി പല സൗകര്യങ്ങളും കപ്പലിനകത്തുണ്ട്. ഈ വര്‍ഷം അവസാനം ക്രൊയേഷ്യയില്‍ 547 റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളുള്ള ഈ കൂറ്റന്‍ കപ്പല്‍ നിര്‍മ്മിക്കും. ഇത് 2024 -ല്‍ കടലിലിറങ്ങും.
കപ്പല്‍ പുറപ്പെടുമ്പോൾ, ഹണ്ടര്‍ ദമ്പതികളുടെ പെണ്‍മക്കള്‍ക്ക് 14 -ഉം 16 -ഉം വയസ്സായിരിക്കും. “ഞങ്ങള്‍ ലോകമെമ്ബാടും സഞ്ചരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു, അതിനാല്‍ ഞങ്ങള്‍ ബോട്ടുകളെ കുറിച്ചെല്ലാം പഠിച്ചു. പക്ഷേ, അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി വളരെയധികം സമയം ചെലവഴിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അങ്ങനെയാകുമ്പോൾ ഓരോ ആഴ്ചയും ഒന്നോ രണ്ടോ ദിവസം മാത്രമേ ഞങ്ങള്‍ക്ക് പര്യവേക്ഷണം ചെയ്യാനാകൂ” ബെത്ത് മെട്രോയോട് പറഞ്ഞു.
കൂടാതെ കാലാവസ്ഥാ, നീണ്ട കടല്‍ കടക്കുന്ന സമയം ഇതൊക്കെ പ്രശ്നമായിരുന്നു. അതിനിടയിലാണ് ഇങ്ങനെ കപ്പലില്‍ അപാര്‍ട്മെന്റ് നല്‍കുന്ന ഒരു സ്റ്റാര്‍ടപ്പിനെ കുറിച്ച് കേട്ടത്. അപ്പോള്‍ തന്നെ അതാവാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നും ബേത്ത് പറയുന്നു. ഒരു ചെറിയ ബോട്ടിലാവുമ്പോൾ എല്ലാ കാര്യങ്ങളും തങ്ങള്‍ക്ക് നോക്കേണ്ടി വരും. അപ്പോള്‍ യാത്രകള്‍ ആസ്വദിക്കാനും സാഹസികതകള്‍ക്കും ഒക്കെയുള്ള സമയം കുറവായിരിക്കും. ഇതാകുമ്പോൾ അത്തരം കാര്യങ്ങളെ കുറിച്ച് ഒന്നും ആലോചിക്കേണ്ടതില്ല എന്നും ബേത്ത് കൂട്ടിച്ചേര്‍ത്തു.
നരേറ്റീവ്’ എന്ന ഈ കപ്പല്‍ വിവിധ തുറമുഖങ്ങളില്‍ നിരവധി രാത്രികള്‍ നങ്കൂരമിടും. ആ സ്ഥലവും അവിടുത്തെ കാഴ്ചകളും എല്ലാം ആ സമയം താമസക്കാര്‍ക്ക് ആസ്വദിക്കാം. നിരവധി സാഹസികയാത്രകള്‍ നടത്താം. കപ്പലിന് 20 ഡൈനിംഗ്, ബാര്‍ വേദികള്‍, മൂന്ന് കുളങ്ങള്‍, ഒരു ആര്‍ട്ട് സ്റ്റുഡിയോ, പെറ്റ് എക്സര്‍സൈസ് ഏരിയ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് കപ്പലിന് പിന്നിലെ കമ്പനിയായ സ്റ്റോറിലൈന്‍സ് പറയുന്നു. ഫിറ്റ്‌നസ് ആരാധകര്‍ക്കായി റണ്ണിംഗ് ട്രാക്ക്, ജിം, യോഗ സ്റ്റുഡിയോ, ഗോള്‍ഫ് സിമുലേറ്ററുകള്‍, പിക്കിള്‍ബോള്‍ കോര്‍ട്ട് എന്നിവയുമുണ്ടാകും.