ടൊറന്റോ : ഒൻ്റാരിയോയിലെ ബ്രാംപ്ടണിലുള്ള വില്യം ഓസ്ലർ ഹെൽത്ത് സിസ്റ്റത്തിൽ ശേഷി വർദ്ധിപ്പിക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പ്രീമിയർ ഡഗ് ഫോർഡ് 21 മില്യൺ ഡോളർ വാഗ്ദാനം ചെയ്തു. പുതിയ ഫണ്ടിംഗിന്റെ 18 മില്യൺ ഡോളർ ഉപയോഗിച്ച് പീൽ മെമ്മോറിയൽ ഹോസ്പിറ്റലിലെ എമർജൻസി റൂം 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര പരിചരണ കേന്ദ്രമാക്കി മാറ്റുമെന്നും ബ്രാംപ്ടൺ സിവിക് ഹോസ്പിറ്റലിലെ കാൻസർ കെയർ സെന്റ്ററിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കുന്നതിന് 3 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും ഫോർഡ് പറയുന്നു. പുതിയ നിക്ഷേപം കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 18 മില്യൺ ഡോളർ ഫണ്ടിംഗിനൊപ്പമുള്ളതാണെന്നും അദ്ദേഹം പറയുന്നു.
പ്രവിശ്യയുടെ ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അടുത്ത 10 വർഷത്തിനുള്ളിൽ 30 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാനുള്ള തന്റെ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ ഫണ്ടിംഗ് എന്ന് ഫോർഡ് പറയുന്നു. ഇൻറഗ്രേറ്റഡ് ഹെൽത്ത് ആന്റ് വെൽനെസിനു വേണ്ടിയുള്ള പീൽ മെമ്മോറിയൽ സെന്ററിൽ നടന്ന ധനസഹായം പ്രഖ്യാപിക്കാൻ ആരോഗ്യമന്ത്രി ക്രിസ്റ്റിൻ എലിയട്ടും ബ്രാംപ്ടൺ സൗത്ത് എംപിപി പ്രബ്മീത് സർക്കറിയയും ഫോർഡിനൊപ്പമുണ്ടായിരുന്നു