ആഗോളതലത്തില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും ബ്രിട്ടനിലെയും ചൈനയിലെയും രോഗവ്യാപനം ആശങ്കയാകുന്നു. ഇതുവരെയുണ്ടായതില്‍ ഏറ്റവും തീവ്രമായ രോഗവ്യാപനത്തെയാണ് ബ്രിട്ടനും ചൈനയും നേരിടുന്നത്. ഇതിനിടെയാണ് പുതിയ കോവിഡ് വകഭേദമായ XE ബ്രിട്ടനില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
മാര്‍ച്ച് 26ന് അവസാനിച്ച ആഴ്ചയില്‍ ബ്രിട്ടനില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ 4.9 ലക്ഷം ആളുകളാണ് രോഗബാധിതരായത്. ഒമിക്രോണ്‍ വകഭേദമായ BA.2 ആണ് ബ്രിട്ടനിലെ രോഗവ്യാപനത്തിന് കാരണം. ചൈനയിലും സമാനമായ രീതിയിലാണ് കോവിഡ് പടരുന്നത്. ഞായറാഴ്ച മാത്രം 13,146 പേര്‍ക്കാണ് ചൈനയില്‍ കോവിഡ് ബാധിച്ചത്. രണ്ട് വര്‍ഷത്തിനിടെ ചൈനയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ചൈനയില്‍ നിലവില്‍ ആകെ കോവിഡ് കേസുകളുടെ 70 ശതമാനവും ഷാങ്ഹായിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഷാങ്ഹായിൽ 2.5 കോടിയോളം ജനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി വീടിനുള്ളില്‍ തന്നെ തുടരുകയാണ്. ദക്ഷിണ കൊറിയയിലും കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഞായറാഴ്ച മാത്രം 2,64,171 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 339 മരണവും കോവിഡ് മൂലം ദക്ഷിണ കൊറിയയിൽ രേഖപ്പെടുത്തി.