പാക്കിസ്ഥാനില്‍ മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പു നടത്തുമെന്ന് ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ കാവല്‍ സര്‍ക്കാരിനുള്ള ഒരുക്കം തുടങ്ങിയതായും ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അറിയിച്ചു. പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയത്തില്‍ വിദേശബന്ധം ആരോപിച്ചാണ് ദേശീയ അസംബ്‌ളിയില്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്.
ദേശീയ അസംബ്‌ളി പിരിച്ചുവിടാനുള്ള ശുപാര്‍ശയ്‌ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രതിപക്ഷം അറിയിച്ചു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു.
‘സര്‍ക്കാര്‍ ഭരണഘടന ലംഘിച്ചു. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് അനുവദിച്ചില്ല. സംയുക്ത പ്രതിപക്ഷം പാര്‍ലമെന്റ് വിടുന്നില്ല. ഞങ്ങളുടെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിക്കും. പാകിസ്ഥാന്‍ ഭരണഘടന സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനും പ്രതിരോധിക്കാനും നടപ്പാക്കാനുമുള്ള എല്ലാ സ്ഥാപനങ്ങളും ഇത് അനുവദിക്കരുത്. ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുകയും കേസ് ഇന്ന് കേള്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും, ബിലാവല്‍ പറഞ്ഞു.
അവിശ്വാസ വോട്ട് തള്ളിയതിന് പിന്നാലെ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കിയതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നാടകീയമായാണ് പ്രഖ്യാപിച്ചത് . ടെലിവിഷനിലൂടെയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത് .തന്റെ സര്‍ക്കാരിനെതിരേയുള്ള അവിശ്വാസ പ്രമേയം വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. അവിശ്വാസ വോട്ട് അനുവദിക്കാത്ത ഡെപ്യൂട്ടി സ്പീക്കറുടെ വിധിയില്‍ സന്തുഷ്ടിയും അദ്ദേഹം രേഖപ്പെടുത്തി.