ബീജിംഗ്: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ചൈനയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി.കഴിഞ്ഞ ദിവസം 13000 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതില്‍ ഒന്ന് പുതിയ വിഭാഗമായിരുന്നു.
ഒമിക്രോണ്‍ വകഭേദത്തിന്റെ ബി എ 1.1 ശാഖയില്‍ നിന്നാണ് വൈറസിന്റെ പുതിയ വിഭാഗം രൂപപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടച്ചുപൂട്ടിയ ഷാങ്‌ഹായില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന സ്ഥലത്തെ നിവാസിയിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. ചൈനയില്‍ കൊവിഡ് രോഗത്തിന് കാരണമാവുന്ന വൈറസുമായി ഇതിന് സാമ്യമില്ല. മാത്രമല്ല കൊവിഡ് വൈറസിന്റെ പരിവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി രൂപം നല്‍കിയ ആഗോളതലത്തിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ജി ഐ എസ് എ ഐ ഡിയില്‍ സൂക്ഷിച്ചിരിക്കുന്ന വൈറസുകളുമായും പുതിയ ഉപവിഭാഗത്തിന് സാമ്യം കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് സ്ഥിരീകരിച്ച 12,000 കേസുകളും പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്തവയായിരുന്നു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്കും രാജ്യത്ത് വര്‍ദ്ധിച്ചിരിക്കുന്നു. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്‌ഹായില്‍ ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും ലോക്ക് ഡൗണില്‍ തുടരുകയാണ്. രണ്ട് ഘട്ടങ്ങളിലായാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നത്. പല പ്രദേശങ്ങളിലും ആളുകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ അനുമതിയില്ല. അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്ന രീതിയാണ് പലയിടങ്ങളിലും തുടരുന്നത്.