Wednesday, June 24, 2026

അമിതവണ്ണമുള്ളവരിലെ സ്ലീപ് അപ്നിയ ചികിത്സയ്ക്ക് സെപ്‌ബൗണ്ടിന് അനുമതി നൽകി ഹെൽത്ത് കാനഡ

ഓട്ടവ: അമിതവണ്ണമുള്ള മുതിർന്നവരിൽ കാണപ്പെടുന്ന ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ (OSA) ചികിത്സിക്കാൻ ഭാരം കുറയ്ക്കുന്ന മരുന്നായ സെപ്‌ബൗണ്ട് (Zepbound) ഉപയോഗിക്കാൻ ഹെൽത്ത് കാനഡ അനുമതി നൽകി. ജൂൺ 11-നാണ് അനുമതി നൽകിയതെന്ന് അധികൃതർ അറിയിച്ചു.

ഇതോടെ സ്ലീപ് അപ്നിയ ചികിത്സയ്ക്കായി കാനഡയിൽ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ GLP-1 വിഭാഗം മരുന്നായി സെപ്‌ബൗണ്ട് മാറി. ഉറക്കത്തിനിടെ ശ്വാസനാളം തടസപ്പെടുന്നതിനെ തുടർന്ന് ശ്വാസം താൽക്കാലികമായി നിലയ്ക്കുന്ന അവസ്ഥയാണ് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ.സെപ്‌ബൗണ്ടിന്റെ സജീവ ഘടകമായ ടിർസെപറ്റൈഡ് (Tirzepatide) വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയാൻ സഹായിക്കുകയും ചെയ്യുന്നു. GLP-1, GIP എന്നീ ഹോർമോൺ റിസപ്റ്ററുകളിൽ പ്രവർത്തിക്കുന്ന ഈ മരുന്ന് ആഴ്ചയിൽ ഒരിക്കൽ കുത്തിവെപ്പായാണ് നൽകുന്നത്.

അമിതവണ്ണവും സ്ലീപ് അപ്നിയയും ഒരുമിച്ച് അനുഭവിക്കുന്ന രോഗികളിൽ നടത്തിയ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെൽത്ത് കാനഡയുടെ അനുമതി. പരീക്ഷണങ്ങളിൽ, CPAP മെഷീൻ ഉപയോഗിക്കാത്ത രോഗികളിൽ മണിക്കൂറിൽ ശരാശരി 25 ശ്വാസതടസ്സ സംഭവങ്ങൾ വരെ കുറയുന്നതായി കണ്ടെത്തി. പ്ലാസിബോ മരുന്ന് സ്വീകരിച്ചവരിൽ ഈ കുറവ് അഞ്ച് മാത്രമായിരുന്നു.

അതേസമയം, CPAP മെഷീൻ ഉപയോഗിച്ചിരുന്ന രോഗികളിൽ ടിർസെപറ്റൈഡ് ഉപയോഗിച്ചതോടെ മണിക്കൂറിൽ ശരാശരി 29 ശ്വാസതടസ്സ സംഭവങ്ങൾ കുറയുകയും പ്ലാസിബോ ഗ്രൂപ്പിൽ ഇത് ആറായി പരിമിതപ്പെടുകയും ചെയ്തു.ടൊറന്റോയിലെ യൂണിവേഴ്സിറ്റി ഹെൽത്ത് നെറ്റ്‌വർക്കിലെ സ്ലീപ് സയൻസ് ഗവേഷകനായ ഡോ. മൻദീപ് സിംഗ് പറയുന്നതനുസരിച്ച്, മണിക്കൂറിൽ 25 മുതൽ 29 വരെ ശ്വാസതടസ്സങ്ങൾ കുറയുന്നത് രോഗത്തിന്റെ തീവ്രത ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

എന്നാൽ സെപ്‌ബൗണ്ട് നിലവിൽ ഉപയോഗിക്കുന്ന CPAP (Continuous Positive Airway Pressure)ചികിത്സയ്ക്ക് പകരമല്ലെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. ഡോക്ടറുടെ നിർദേശമില്ലാതെ രോഗികൾ CPAP ഉപയോഗം അവസാനിപ്പിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.ഓക്കാനം, ഛർദ്ദി, വയറിളക്കം, മലബന്ധം എന്നിവയാണ് മരുന്നിന്റെ സാധാരണ പാർശ്വഫലങ്ങൾ. അപൂർവമായി അഗ്ന്യാശയ വീക്കം, കുടൽ തടസം, പിത്താശയക്കല്ല് തുടങ്ങിയ ഗുരുതര പാർശ്വഫലങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!