കൊളംബോ : ശ്രീലങ്കന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ ഒന്നടങ്കം രാജിവച്ചതോടെ ദ്വീപ് രാഷ്ട്രത്തിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വഷളായി. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ എല്ലാ പാര്‍ട്ടികളോടും ആഹ്വാനം ചെയ്തു. സര്‍വ്വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം. ഭരണപക്ഷത്തെ മാത്രം വിശ്വാസത്തിലെടുക്കാന്‍ തയ്യാറല്ലാത്തതിനാലാണ് പുതിയ നീക്കം.
കൊളംബോയിലെ കര്‍ഫ്യൂ സമയത്തു പോലും സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ ഹൈവേ തടഞ്ഞ് പ്രതിഷേധിച്ചു. ഇതിനിടയിലും പ്രതീക്ഷ നല്‍കുന്ന നീക്കങ്ങളൊന്നും ശ്രീലങ്കയില്‍ നിന്ന് ഉണ്ടായിട്ടില്ല. സ്ഥിതിഗതികള്‍ ദിനംപ്രതി മോശമാകുന്നു. സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍, രാജ്യത്തെ പല സ്ഥലങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ ക്ഷാമം ശ്രീലങ്കയില്‍ തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ മോശമായി കൈകാര്യം ചെയ്തതിന് വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും ഉയരുന്നത്. WhatsApp, Facebook, Twitter, YouTube, Instagram തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സര്‍ക്കാര്‍ തടഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ അധികാരമില്ലെന്ന് രാജ്യത്തെ മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയ ബ്ലാക്ക്ഔട്ട് പിന്നീട് പിന്‍വലിച്ചു.