2010 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഘാന പുറത്തു പോകാൻ കാരണക്കാരായ സുവാരസിനോടും യുറുഗ്വായ് ടീമിനോടും പ്രതികാരം ചെയ്യാനുള്ള അവസരമാണ് ഈ ലോകകപ്പിൽ വന്നു ചേർന്നിരിക്കുന്നതെന്ന് ഘാന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കുർട് ഒക്രാകു. ഇത്തവണ ലോകകപ്പ് ഗ്രൂപ്പ് എച്ചിൽ യുറുഗ്വായെ എതിരാളികളായി ലഭിച്ചതിനെ കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2010 ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സെമിയിൽ എത്തുന്ന ആഫ്രിക്കൻ ടീമെന്ന നേട്ടത്തിന്റെ അരികിലാണ് ഘാന വീണത്. മത്സരം 1-1നു സമനിലയിൽ നിൽക്കുമ്പോൾ ഘാന വലയിലേക്കുതിർത്ത ഷോട്ട് സുവാരസ് കൈ കൊണ്ട് തടുത്തിടുകയും അതിനു ലഭിച്ച പെനാൽറ്റി ഗ്യാൻ നഷ്ടപ്പെടുത്തുകയും ചെയ്‌തതിനു ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഘാന തോൽവിയേറ്റു വാങ്ങിയത്.
ഗോളിലേക്ക് ഉറപ്പായും പോകുമായിരുന്ന പന്ത് മനഃപൂർവം തടഞ്ഞിട്ടതിനു സുവാരസിന് ചുവപ്പുകാർഡ് ലഭിച്ചെങ്കിലും അവസാനത്തെ ചിരി താരത്തിനു തന്നെയായിരുന്നു. ചുവപ്പുകാർഡ് നേടി പോകുന്നതിനിടെ ഗ്യാൻ പെനാൽറ്റി തുലച്ചതു കണ്ട് ആഹ്‌ളാദം പ്രകടിപ്പിച്ച സുവാരസിന്റെ ചിത്രം ഫുട്ബോൾ ആരാധകർ ഒരിക്കലും മറന്നിട്ടുണ്ടാകില്ല.
“ഇതു പ്രതികാരത്തിനുള്ള സമയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആ മത്സരം വിജയിക്കും എന്നു തന്നെ ഞങ്ങൾ വിചാരിച്ചിരുന്നു. എന്നാൽ സുവാരസിന്റെ ആ സേവ് എല്ലാം മാറ്റിമറിച്ചു. അവർക്കെതിരെ വീണ്ടും കളിക്കുന്നത് രസകരമാണ്, പഴയ ഓർമ്മകൾ വെച്ചാകുമ്പോൾ പ്രത്യകിച്ചും.” ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പിനു ശേഷം ബിബിസിയോട് ഒക്രാകു പറഞ്ഞു.
അതേസമയം ഗ്രൂപ്പ് എച്ചിലുള്ള ഒരു ടീമിനും അടുത്ത റൗണ്ടിൽ എത്തുക അത്ര എളുപ്പമാവില്ല. ഘാന, യുറുഗ്വായ് എന്നിവർക്കു പുറമെ പോർച്ചുഗൽ, സൗത്ത് കൊറിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഏതു ടീമിനെയും അട്ടിമറിക്കാനുള്ള കരുത്ത് ഇവർക്കുള്ളതിനാൽ തന്നെ ഗ്രൂപ്പ് എച്ചിലെ പോരാട്ടങ്ങൾ ആവേശം നിറഞ്ഞതായിരിക്കും.