ടൊറന്റോ: കാനഡയിലെ ബ്രാംപ്ടണിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ബുധനാഴ്ച രാത്രി ഏകദേശം 11 മണിയോടെയാണ് റോയൽ സാലിസ്ബറി വേയിലുള്ള ഒരു വീട്ടിൽ തീപിടുത്തമുണ്ടായത്.ഹൈവേ 410-നും വില്യംസ് പാർക്‌വേയ്ക്കും സമീപമുള്ള വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനയും അടിയന്തര രക്ഷാപ്രവർത്തക സംഘവും സ്ഥലത്തെത്തി.

ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പീൽ പാരാമെഡിക്‌സ് അധികൃതർ സ്ഥിരീകരിച്ചു. മറ്റ് ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
