ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരങ്ങളിൽ പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും വിജയം. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം മാഞ്ചസ്റ്റർ സിറ്റി കരസ്ഥമാക്കിയപ്പോൾ, ബെൻഫിക്കക്കെതിരെ 3-1നായിരുന്നു ലിവർപൂളിന്റെ വിജയം.
ആദ്യം മുതൽ അവസാനം വരെ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം പുലർത്തിയ മത്സരത്തിൽ, 70ആം മിനുറ്റിൽ ഫിൽ ഫോഡൻ നൽകിയ പാസിൽ നിന്ന് കെവിൻ ഡി ബ്രൂയ്‌നാണ് അത്ലറ്റിക്കോക്കെതിരെ ഗോൾ നേടിയത്. മത്സരത്തിൽ 71 ശതമാനം പന്തും കൈവച്ച സിറ്റി 15 ഷോട്ടുകളാണ് ഉതിർത്തത്. എങ്കിലും, ഇതിൽ രണ്ടെണ്ണം മാത്രമായിരുന്നു ഷോട്ട് ഓൺ ടാർഗറ്റ്. മറുവശത്ത്, ഒരു ഷോട്ട് പോലും തൊടുക്കാൻ അത്ലറ്റിക്കോ ആയില്ല.
അതേ സമയം, ബെൻഫിക്കക്കെതിരെ ഇബ്രാഹിം കൊണാട്ടെ, സാഡിയോ മാനേ, ലൂയിസ് ഡയസ് എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്. ബെൻഫിക്കയുടെ ആശ്വാസഗോൾ ഡാർവിൻ നൂനെസിന്റെ വകയായിരുന്നു. മത്സരത്തിന്റെ 17ആം മിനുറ്റിൽ ആൻഡി റോബർട്സണിന്റെ കോർണറിൽ നിന്ന് കൊണാട്ടെയാണ് ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്. 34ആം മിനുറ്റിൽ മാനെയിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിപ്പിച്ചു. ട്രെന്റ് അലക്‌സാണ്ടർ-അർണോൾഡിന്റെ ലോങ്ങ് ബോൾ സ്വീകരിച്ച് ഡയസ് നൽകിയ പാസിൽ നിന്നാണ് മാനെ ഗോൾവല കുലുക്കിയത്.
49ആം മിനുറ്റിൽ കൊണാട്ടെയുടെ പിഴവിൽ നിന്ന് നൂനെസിലൂടെ ഒരു ഗോൾ മടക്കിയ ബെൻഫിക്ക തിരിച്ചുവരവിന്റെ സൂചനകൾ നൽകിയെങ്കിലും, 87ആം മിനുറ്റിൽ ഡയസ് നേടിയ ഗോളിലൂടെ ലിവർപൂൾ വിജയം ഉറപ്പിക്കുകയായിരുന്നു.