ബലൂചിസ്ഥാൻ : ഞായറാഴ്ച തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത മഴയിൽ ഒരു പാസഞ്ചർ ബസ് പർവത പാതയിൽ നിന്ന് തെന്നി ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിഞ്ഞു 19 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ബസിൽ 35 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായി ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഷിരാനി ജില്ലയുടെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ മഹ്താബ് ഷാ പറഞ്ഞു. തകർന്ന വാഹനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കനത്ത മഴയിൽ നനഞ്ഞ റോഡിൽ ബസ് തെന്നി നീങ്ങിയതായും ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും 200 അടിയോളം കൊക്കയിലേക്ക് മറിഞ്ഞതായും ഷാ പറഞ്ഞു.
കഴിഞ്ഞ മാസം ഖിലാ സൈഫുള്ള ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സമാനമായ അപകടത്തിൽ 22 പേർ മരിച്ചിരുന്നു.
