ടൊറൻ്റോ : ഒരു മാസത്തിനിടെ പീൽ റീജിയണിലും ഗ്രേറ്റർ ടൊറന്റോ ഏരിയയിലുടനീളമുള്ള ഒരു ഡസൻ ബിസിനസുകളിൽ, മോട്ടോർ സൈക്കിളിൽ എത്തി മോഷണം നടത്തുന്ന പ്രതിയെ തിരയുന്നതായി പീൽ റീജിയണൽ പോലീസ് അറിയിച്ചു.
ജൂലൈ 13 മുതൽ ഓഗസ്റ്റ് 5 വരെ ഉള്ള ദിവസങ്ങളിലാണ് കവർച്ച നടന്നതെന്നും സാധാരണയായി ഗ്യാസ് സ്റ്റേഷനുകളും ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളുമാണ് ലക്ഷ്യമിടുന്നതെന്നും പോലീസ് പറഞ്ഞു. പുലർച്ചെ 2 മണിക്കും 6 മണിക്കും ഇടയിലാണ് മിക്ക കവർച്ചകളും നടന്നതെന്നും പോലീസ് വ്യക്തമാക്കി.

“മോഷണം നടത്തിയ സ്ഥാപനങ്ങളിൽ പ്രതി തോക്ക് ചൂണ്ടിയാണ് പണം കൊള്ളയടിച്ചതെന്നും,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു. അഞ്ചടി ഏഴിനും അഞ്ചടി ഒമ്പതിനും ഇടയിൽ ഉയരവും നേർത്ത ശരീരഘടനയുള്ള പ്രതി മോഷണസമയത്ത് കറുത്ത നിറത്തിലുള്ള മോട്ടോർസൈക്കിൾ ഹെൽമറ്റും വെള്ളയും പച്ചയും കലർന്ന കറുത്ത കയ്യുറകളും സൺഗ്ലാസും ധരിച്ചിരുന്നതായി പോലീസ് അറിയിച്ചു.

പച്ച എഴുത്തും ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റുമുള്ള 2012 മുതൽ 2017 വരെയുള്ള മോഡൽ വെളുത്ത നിറത്തിലുള്ള കവാസാക്കി നിൻജ 300 ആണ് പ്രതി ഉപയോഗിക്കുന്ന മോട്ടോർസൈക്കിൾ എന്നും പോലീസ് വിശദീകരിച്ചു.
