215 കോടി രൂപ തട്ടിയെടുത്ത കേസില്‍ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് പ്രതിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പ് കേസിലെ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറുമായി താരത്തിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് ഇഡി താരത്തെ പ്രതി ചേര്‍ത്തത്.
ഡല്‍ഹിയിലെ വ്യവസായിയുടെ ഭാര്യയില്‍ നിന്നുമാണ് പ്രതി 215 കോടി തട്ടിയെടുത്തത്. സുകേഷ് ചന്ദ്രശേഖര്‍ തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വലിന്‍ ആയിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.10 കോടി രൂപയുടെ സമ്മാനങ്ങള്‍ താരത്തിന് സുകേഷ് അയച്ചതായി ഇഡി നേരത്തെ കണ്ടെത്തി. ഇയാളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇഡി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ പല തവണ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടിയുടെ ഏഴ് കോടിയിലധികം രൂപയുടെ സ്വത്തുക്കളും ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.
ഡഹിയിലെ പ്രമുഖവ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയെടുത്തത്. വ്യവസായി ഡല്‍ഹിയിലെ ജയിലില്‍ ആയിരുന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിയമമന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് പണം വാങ്ങിയത്. ഇവരുടെ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം തട്ടിയത്. ഇരയുടെ ഭര്‍ത്താവിന് ജാമ്യം നല്‍കുമെന്നും അവരുടെ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സ് നടത്തിക്കൊടുക്കുമെന്നും സുകേഷ് ഫോണ്‍ കോളുകളില്‍ അവകാശപ്പെട്ടു. 32-ഓളം കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിവിധ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.
