ഫേസ്ബുക്കിനും ട്വിറ്ററിനും പിന്നാലെ ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ ആരംഭിച്ചു. 10,000ത്തോളം ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് ആമസോണ്‍ അറിയിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് തൊഴിലാളികളെ വലിയ തോതില്‍ വെട്ടിക്കുറയ്ക്കുന്നത്.
ബുധനാഴ്ചയാണ് പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചത്. ‘അസാധാരണവും അനിശ്ചിതത്വമുള്ളതുമായ മാക്രോ ഇക്കണോമിക് പരിതസ്ഥിതികള്‍’ കാരണം കമ്പനി തൊഴിലാളികളെ വെട്ടിക്കുറച്ചതായി ആമസോണ്‍ സ്ഥിരീകരിച്ചു. ആമസോണ്‍ ഹാര്‍ഡ് വെയര്‍ മേധാവി ഡേവ് ലിംപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആരെയൊക്കെയാണ് പിരിച്ചുവിടുന്നതെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്നും ആമസോണ്‍ അറിയിച്ചു.
ആമസോണിലെ ചില ടീമുകളും പ്രോഗ്രാമുകളും ഏകീകരിക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനങ്ങളുടെ അനന്തരഫലമായി ചില റോളുകള്‍ ഇനി ആവശ്യമില്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്സ്, എന്നിവയ്ക്കൊപ്പം അലക്സ വോയ്ഡ് അസിസ്റ്റന്റിന്റെ ഉത്തരവാദിത്വം ഉള്‍പ്പെടെയുള്ള ഗ്രൂപ്പിനെയാണ് വെട്ടിക്കുറയ്ക്കുന്നത്.
പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജീവനക്കാര്‍ക്ക് ആമസോണ്‍ അയച്ചു. രണ്ട് മാസത്തെ സമയവും ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ രണ്ട് മാസത്തിനുള്ളില്‍ കമ്പനിയില്‍ പുതിയ റോള്‍ കണ്ടെത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പുതിയ റോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ പിരിച്ചുവിടുമെന്നും കമ്പനി വ്യക്തമാക്കി.
ആമസോണിനെ കൂടാതെ, ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയും കഴിഞ്ഞയാഴ്ച പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് കഴിഞ്ഞയാഴ്ച ഏകദേശം 11,000 ആളുകളെ വെട്ടിക്കുറച്ചു.
