ടൊറൻ്റോ : ഗ്രീൻബെൽറ്റ് ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ ഗ്രീൻബെൽറ്റ് നിയമം ഉടൻ അവതരിപ്പിക്കുമെന്ന് മുനിസിപ്പൽ കാര്യ, ഭവന മന്ത്രി പോൾ കലന്ദ്ര പ്രഖ്യാപിച്ചു. ഗ്രീൻബെൽറ്റിന് ഭൂമി തിരികെ നൽകാനുള്ള എൻഡിപിയുടെ സ്വകാര്യ ബില്ലിനെ സർക്കാർ പിന്തുണയ്ക്കില്ലെന്നും അതിനായി സർക്കാർ ഉടൻ തന്നെ സ്വന്തം ബിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ നിയമനിർമ്മാണം ഗ്രീൻബെൽറ്റിലേക്ക് 7,000 ഏക്കർ കൂടി ഉൾപ്പെടുത്തും. നിയമനിർമ്മാണത്തിലൂടെ മാത്രമല്ലാതെ സംരക്ഷിത പ്രദേശത്തിന്റെ അതിർത്തികൾ ക്രമീകരിക്കുമെന്നും കലന്ദ്ര പറയുന്നു.

പുതിയ നിയമനിർമ്മാണം അവതരിപ്പിക്കുമെന്ന് പറയുമ്പോളും സംരക്ഷിത ഗ്രീൻബെൽറ്റ് ഭൂമി വീടുകൾ നിർമ്മിക്കാൻ ഡവലപ്പർമാർക്കായി അനുവദിച്ച തീരുമാനം പിൻവലിക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ പ്രഖ്യാപനത്തിന് ശേഷവും വിവാദങ്ങൾ ഒഴിയുന്നില്ല.
സംരക്ഷിത ഗ്രീന്‍ബെല്‍റ്റ് ഭൂമിയില്‍ അനധികൃത ഇടപെടലുകള്‍ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഫോർഡ് സർക്കാരിൽ നിന്നും രണ്ട് കാബിനറ്റ് പദവിയുള്ള മന്ത്രിമാർ രാജി വെച്ചിരുന്നു. സ്റ്റീവ് ക്ലാർക്ക് ഈ മാസം ആദ്യം മുനിസിപ്പൽ കാര്യ, ഭവന മന്ത്രി സ്ഥാനം രാജിവച്ചു. തുടർന്ന് ഖാലിദ് റഷീദ് പബ്ലിക്, ബിസിനസ് സർവീസ് ഡെലിവറി മന്ത്രി സ്ഥാനം രാജിവച്ചു.

സംരക്ഷിത ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചില ഡെവലപ്പര്‍മാര്‍ക്ക് അനുകൂലമായി സർക്കാരും മന്ത്രിമാരും ഇടപെട്ടതായി ഇന്റഗ്രിറ്റി കമ്മീഷണർ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രവിശ്യ ഗ്രീൻബെൽറ്റ് 7,400 ഏക്കർ ഭൂമിയിൽ 50,000 വീടുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ 9,400 ഏക്കർ മറ്റൊരിടത്ത് സ്ഥാപിക്കുകയായിരുന്നു. ഇക്കാര്യത്തിലാണ് ഹൗസിങ് മിനിസ്റ്റർ ക്ലാർകിന്റെ മേൽനോട്ടത്തിലുളള ഭൂമി ഏറ്റെടുക്കലിൽ വീഴ്ച്ച പറ്റിയതെന്നും അദ്ദേഹം ചില സ്വകാര്യ വ്യക്തികളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിച്ചെന്നും ഇന്റഗ്രിറ്റി കമ്മീഷണർ ജെ. ഡേവിഡ് വേക്കിൻ റിപ്പോർട്ട് ചെയ്തിരുന്നു.
