ജോർജിയയിലെ അറ്റ്ലാന്റയിൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ജന്മഗൃഹത്തിന് തീയിടാൻ ശ്രമിച്ച യുവതിയെ കാഴ്ചക്കാർ തടഞ്ഞതായി പോലീസ്. വീടിന് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
പ്രദേശത്തു നിന്ന് ലഭിച്ച സംഭവത്തിന്റെ വിഡിയോ പകർപ്പിൽ കറുത്ത വസ്ത്രം ധരിച്ച യുവതി വീടിന്റെ പൂമുഖവും മുൻവശത്തെ ജനാലകളും തട്ടുന്നതായി കാണാം. പോലീസ് എത്തുമ്പോഴേക്കും, യൂട്ടായിൽ നിന്നുള്ള സന്ദർശകരായ രണ്ട് ചലച്ചിത്ര പ്രവർത്തകരും ന്യൂയോർക്കിൽ നിന്നുള്ള രണ്ട് ഓഫ് ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥരും പ്രതിയെ തടഞ്ഞിരുന്നുവെന്ന് അറ്റ്ലാന്റ പോലീസ് ചീഫ് ഡാരിൻ ഷിയർബോം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ 26 വയസ്സുള്ള യുവതിയുടെ പിതാവും മൂന്ന് സഹോദരിമാരും യുവതി മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പോലീസിനോട് പറഞ്ഞു. യുവതിയെ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് വിശദപരിശോധന നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഡോ. മാർട്ടിൻ ലൂഥർ കിംഗ് തന്റെ ജീവിതത്തിന്റെ ആദ്യ 12 വർഷം ചെലവഴിച്ച ഇരുനില വീട് ചരിത്രപ്രധാനമായ കേന്ദ്രമാണ്. 2018-ൽ ഈ വീട് നാഷണൽ പാർക്ക് സർവീസ് ഏറ്റെടുത്തിരുന്നു. അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി കഴിഞ്ഞ മാസം മുതൽ പൊതുജനങ്ങൾക്ക് സന്ദർശന വിലക്കുണ്ടായിരുന്നു. വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അപകടസാധ്യതയുള്ള വൃത്തിയാക്കുകയാണെന്നും പ്രാദേശിക അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
