തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ 10ാം സമ്മേളനം ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. മാര്‍ച്ച് 27 വരെ ആകെ 32 ദിവസം സഭ ചേരും. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം ചർച്ച ചെയ്യും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും.
ഫെബ്രുവരി ആറു മുതല്‍ 11 വരെ സമ്മേളനമില്ല. ഫെബ്രുവരി 12 മുതല്‍ 14 വരെ ബജറ്റ് ചർച്ച. ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധനക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെ 13 ദിവസം ധനാഭ്യർഥന ചർച്ച നടക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു.

ഓർഡിനൻസിന് പകരമുള്ള 2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ, 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബിൽ എന്നിവ സഭ പരിഗണിക്കും.
