ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കോടതിയില്‍. കൊടുമോൺ പോറ്റി എന്നാണ് നൽകിയിരിക്കുന്ന പുതിയ പേര്. കുഞ്ചമണ്‍ പോറ്റി എന്ന പേരിനെ ചൊല്ലി കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അടക്കം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സെൻസർ ബോർഡിനോട് നാളെ ഈ വിഷയത്തിൽ മറുപടി നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രന് നിർദേശിച്ചു.
ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമണ്‍ പോറ്റി എന്നത് തങ്ങളുടെ കുടുംബ പേരും സ്ഥാന പെരുമാണെന്നും സിനിമയിലെ കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തെ ബാധിക്കുമെന്നതും ചൂണ്ടിക്കാട്ടിയാണ് കുഞ്ചമണ്‍ ഇല്ലക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇത് സമൂഹത്തിന് മുന്നിൽ കുടുംബത്തിന് ചീത്തപ്പേര് വരുത്തിവെക്കുമെന്നായിരുന്നു ഹർജിയിലെ വാതം.

സര്‍വൈവല്‍ ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്രീ ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് ഇതുവരെ 10000ലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞതായി ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയത്. ഫെബ്രുവരി 15നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.
