ഓട്ടവ: കാനഡയിലെ റീട്ടെയിൽ വിൽപ്പന മേഖലയിൽ ജൂണിൽ നേരിയ ഉണർവ്. മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ചില്ലറ വിൽപ്പനയിൽ 0.6 ശതമാനം വർധന രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ഇതോടെ ആകെ റീട്ടെയിൽ വിൽപ്പന 74.3 ബില്യൺ ഡോളറായി.
ജനറൽ മർച്ചൻഡൈസ് സ്റ്റോറുകളിലെ വിൽപ്പനയിലുണ്ടായ മുന്നേറ്റമാണ് ജൂണിലെ വളർച്ചയ്ക്ക് പ്രധാനമായും കാരണമായത്. നിരീക്ഷിച്ച ഒൻപത് പ്രധാന റീട്ടെയിൽ ഉപമേഖലകളിൽ ഏഴിലും വിൽപ്പന വർധിച്ചു.

വസ്ത്ര-ഫാഷൻ മേഖലയിലും വളർച്ച
വസ്ത്രങ്ങൾ, അനുബന്ധ സാമഗ്രികൾ, ചെരിപ്പുകൾ, ആഭരണങ്ങൾ, ബാഗുകൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിൽ 3.1 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനറൽ മർച്ചൻഡൈസ് സ്റ്റോറുകളിലെ വിൽപ്പന 2.7 ശതമാനവും ഉയർന്നു.
ഇന്ധന വിതരണ കേന്ദ്രങ്ങളെയും വാഹന-സ്പെയർ പാർട്സ് വിൽപ്പനയെയും ഒഴിവാക്കിയുള്ള പ്രധാന റീട്ടെയിൽ വിൽപ്പനയിൽ 1.2 ശതമാനം വർധനയുണ്ടായി. വിൽപ്പനയുടെ അളവ് കണക്കാക്കിയുള്ള വളർച്ച 1.5 ശതമാനമാണ്.
ജൂലൈയിൽ ഇടിവിന് സാധ്യത
എന്നാൽ ജൂണിലെ ഉണർവ് ജൂലൈയിലും തുടരുമെന്ന് ഉറപ്പില്ല. പ്രാഥമിക കണക്കുകൾ പ്രകാരം ജൂലൈയിൽ കാനഡയിലെ റീട്ടെയിൽ വിൽപ്പനയിൽ 0.8 ശതമാനം ഇടിവ് ഉണ്ടായേക്കാം.ജൂലൈയിലെ കണക്കുകൾ ഇപ്പോൾ പ്രാഥമികമാണെന്നും അന്തിമ കണക്കുകളിൽ മാറ്റമുണ്ടാകാമെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി.
