ഓട്ടവ: അമേരിക്കയുമായുള്ള വ്യാപാരകരാർ സംബന്ധിച്ച അവസാനഘട്ട ചർച്ചകൾ പരാജയപ്പെട്ടതോടെ യു.എസ് ഏർപ്പെടുത്തിയ പുതിയ 50 ശതമാനം തീരുവയ്ക്ക് തുല്യമായ തിരിച്ചടി നൽകാൻ കാനഡ. സെപ്റ്റംബർ 8 മുതൽ യു.എസ് ഉൽപ്പന്നങ്ങൾക്ക് സമാനമായ തിരിച്ചടി തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച അർധരാത്രിക്ക് മുമ്പ് വ്യാപാരകരാർ അന്തിമമാക്കാൻ കഴിയാതെ വന്നതോടെയാണ് പുതിയ യു.എസ് തീരുവകൾ പ്രാബല്യത്തിൽ വന്നത്. ഏകദേശം 28 ബില്യൺ കനേഡിയൻ ഡോളർ മൂല്യമുള്ള കയറ്റുമതിയെയാണ് പുതിയ 50 ശതമാനം തീരുവ ബാധിക്കുക.
അവസാനഘട്ടത്തിൽ അമേരിക്ക മുന്നോട്ടുവച്ച വ്യവസ്ഥകൾ “അന്യായവും സാമ്പത്തികമായി അംഗീകരിക്കാനാകാത്തതുമാണെന്ന്” കാർണി ആരോപിച്ചു. യു.എസ് “വളരെയധികം ആവശ്യപ്പെടുകയും വളരെ കുറച്ച് മാത്രം വാഗ്ദാനം ചെയ്യുകയും ചെയ്തു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ച് കനേഡിയൻ ചർച്ചാസംഘത്തെ ഓട്ടവയിലേക്ക് തിരിച്ചുവിളിച്ചതായും കാർണി അറിയിച്ചു.

‘ഡോളറിന് ഡോളർ’ തിരിച്ചടി
തൊഴിലാളികളെയും കനേഡിയൻ ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി യു.എസ് തീരുവയ്ക്ക് “ഡോളറിന് ഡോളർ” തിരിച്ചടി നൽകുമെന്നാണ് കാർണി വ്യക്തമാക്കിയത്. സ്റ്റീൽ, ഡയറി, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയ വിവിധ യു.എസ് ഉൽപ്പന്നങ്ങൾ കനേഡിയൻ പ്രത്യാക്രമണ നടപടികളുടെ പരിധിയിൽ വരും.
കഴിഞ്ഞ മൂന്ന് ദിവസമായി ഇരുരാജ്യങ്ങളും ശക്തമായ ചർച്ചകൾ നടത്തിയിരുന്നെങ്കിലും അന്തിമ കരാറിലെത്താനായില്ല. യു.എസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ, കരാർ അന്തിമമാക്കുന്നതിൽ കാനഡ പരാജയപ്പെട്ടുവെന്നും പുതിയ ആവശ്യങ്ങളും മുൻ ധാരണകളിൽ നിന്ന് പിന്മാറ്റവും നടത്തിയെന്നും ആരോപിച്ചു. കാനഡയാകട്ടെ അവസാന നിമിഷത്തെ മാറ്റങ്ങൾക്ക് ഉത്തരവാദി യു.എസ് ആണെന്നാണ് പറയുന്നത്.
വ്യാപാര തർക്കം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ കനേഡിയൻ തൊഴിലാളികളെയും ബാധിക്കാവുന്ന മേഖലകൾക്കായി അധിക സഹായ നടപടികൾ സർക്കാർ പ്രഖ്യാപിക്കുമെന്നും കാർണി അറിയിച്ചു.
