അടിയന്തര ചികിത്സക്ക് ഗാസയിൽ നിന്ന് പുറത്തുപോകാൻ ഇസ്രയേലിന്റെ അനുമതി ലഭിക്കാതെ വലഞ്ഞ് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ. അർബുദം അടക്കമുള്ള മാരക രോഗങ്ങൾ ബാധിച്ച് കുട്ടികളിൽ പലരും മാസങ്ങൾ നീണ്ട കാത്തിരിപ്പിനിടെ മരിക്കുകയാണ്. അപേക്ഷകൾ കാരണമില്ലാതെ ഇസ്രയേൽ അധികൃതർ തള്ളുകയാണെന്നും അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി തയാറാക്കിയ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. അധിനിവേശസേനയുടെ 15 മാസങ്ങൾ നീണ്ട ആക്രമണത്തിൽ ഗാസയിലെ ആശുപത്രികളിൽ ഭൂരിഭാഗവും തകർന്നതോടെയാണ് കുഞ്ഞുങ്ങളുടെ ചികിത്സ മുടങ്ങിയത്. അടിയന്തര ചികിത്സ ആവശ്യമുള്ള 2500 ഓളം കുട്ടികൾ ഗാസയിലുണ്ടെന്നാണ് യുനിസെഫിന്റെ കണക്ക്. ഇനിയും കാത്തിരിക്കാൻ ഈ കുഞ്ഞുങ്ങൾക്ക് കഴിയില്ലെന്നും മരിച്ചുപോകുമെന്നും യുനിസെഫ് ഉദ്യോഗസ്ഥ റൊസല്ല ബൊലെൻ ആശങ്ക പ്രകടിപ്പിച്ചു.

വ്യത്യസ്ത പ്രായത്തിലുള്ള 14,000 രോഗികൾ ചികിത്സക്കുവേണ്ടി ഗാസക്ക് പുറത്തുപോകാൻ കാത്തിരിക്കുന്നതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്.ഗാസ ആരോഗ്യ മന്ത്രാ ലയത്തിന്റെ കണക്ക് പ്രകാരം 22,000 പേർക്ക് അടിയന്തര ചികിത്സ വേണം. ഇതിൽ 7000 പേർ അത്യാസന്ന നിലയിലാണെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ മുഹമ്മദ് അബു സൽമയ അറിയിച്ചു.തുടർച്ചയായ വ്യോമാക്രമണത്തിൽ ഗാസയുടെ ആരോഗ്യ സംവിധാനം നശിച്ചിരിക്കുകയാണ്. പ്രദേശത്തെ 36 ആശുപതികളിൽ 17 എണ്ണം മാത്രമേ നിലവിൽ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നുള്ളൂ. നിരവധി സ്പെഷലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും കൊല്ലപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.
