ഓട്ടവ : തകർന്നുവീഴാനും പരുക്കേൽക്കാനും സാധ്യതയുള്ളതിനാൽ പ്ലാറ്റ്‌ഫോം കിടക്കകൾ തിരിച്ചു വിളിച്ച് കാനഡയും യു എസും. ആമസോൺ, വാൾമാർട്ട് എന്നിവയുൾപ്പെടെയുള്ള പ്രമുഖ റീട്ടെയിലർമാർ വിറ്റഴിച്ച ഏകദേശം 138,000 കിടക്കകളാണ് തിരിച്ചു വിളിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, അപ്ഹോൾസ്റ്റേർഡ് സ്ക്വയർ ടഫ്റ്റഡ് ഹെഡ്‌ബോർഡുകളുള്ള ലൂസിഡ്-ബ്രാൻഡഡ് പ്ലാറ്റ്‌ഫോം ബെഡ്ഡുകൾ തിരിച്ചു വിളിക്കുന്നതായി Utah ആസ്ഥാനമായുള്ള ഇറക്കുമതിക്കാരായ CVB Inc. യും പറയുന്നു.
കിടക്കകൾ ഉപയോഗിച്ചപ്പോൾ തകർന്നു വീണതായി 245 പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും തൽഫലമായി 18 അനുബന്ധ പരുക്കുകൾ ഉണ്ടായതായും യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ വ്യക്തമാക്കി. കൂടുതൽ പരുക്കുകളൊന്നുമില്ലാത്ത 11 കേസുകൾ കാനഡയിൽ നടന്നതായി ഹെൽത്ത് കാനഡയും റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, 2019 നും 2021 നും ഇടയിൽ കമ്പനി നിർമ്മിച്ച പ്ലാറ്റ്ഫോം കിടക്കകളുടെ നിർത്തലാക്കപ്പെട്ട പതിപ്പാണ് തിരിച്ചു വിളിക്കുന്നതെന്ന് ലൂസിഡ് പറയുന്നു. നിർമ്മാണം വർഷങ്ങൾക്ക് മുമ്പ് അവസാനിച്ചെങ്കിലും, ഇപ്പോൾ തിരിച്ചു വിളിച്ച കിടക്കകൾ 2024 ഏപ്രിൽ വരെ പ്രധാന റീട്ടെയിലർമാർ വിൽക്കുന്നത് തുടർന്നു. ആമസോൺ, വാൾമാർട്ട്, ലൂസിഡ് എന്നിവയുടെ വെബ്‌സൈറ്റിന് പുറമേ, ഉപഭോക്താക്കൾ ബെഡ് ബാത്ത് & ബിയോണ്ട്, ഇബേ, ഹോം ഡിപ്പോ, മാസിസ്, ടാർഗെറ്റ് ഡോട്ട് കോം, വേഫെയർ, മറ്റ് ചില്ലറ വ്യാപാരികൾ എന്നിവിടങ്ങളിൽ നിന്നും കിടക്കകൾ വാങ്ങിയിട്ടുണ്ടാകാമെന്ന് സിപിഎസ്‌സി പറയുന്നു. തിരിച്ചു വിളിച്ച കിടക്കകളിൽ 137,000 യുഎസിലും 890 എണ്ണം കാനഡയിലും വിറ്റുപോയതായും സിപിഎസ്‌സി അറിയിച്ചു.
തിരിച്ചു വിളിച്ച കിടക്കകൾ ഉള്ളവരോട് ഉടൻ തന്നെ അവ ഉപയോഗിക്കുന്നത് നിർത്താനും സൗജന്യ റീപ്ലേസ്‌മെൻ്റ് ഫ്രെയിമിനായി ലൂസിഡിനെ ബന്ധപ്പെടാനും നിർദേശമുണ്ട്.