പൂനെ: പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 എം.കെ.ഐ (Su-30MKI) യുദ്ധവിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച രാത്രി 10:25-ഓടെ പതിവ് പരിശീലന പറക്കലിന് ശേഷം ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ വിന്യസിക്കുന്നതിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്നും മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.
അപകടത്തെത്തുടര്‍ന്ന് വിമാനം റണ്‍വേയില്‍ കുടുങ്ങിയതോടെ പൂനെ വിമാനത്താവളത്തിലെ വ്യോമഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഏകദേശം 30-ലേറെ വിമാന സര്‍വീസുകളെയാണ് ഇത് ബാധിച്ചത്. രാത്രിയില്‍ പൂനെയിലെത്തേണ്ട വിമാനങ്ങള്‍ മുംബൈ ഉള്‍പ്പെടെയുള്ള സമീപത്തെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും പുറപ്പെടേണ്ട വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

റണ്‍വേയില്‍ നിന്ന് വിമാനം മാറ്റുന്നതിനായി ക്രെയിനുകളും മറ്റ് യന്ത്രസാമഗ്രികളും ഉപയോഗിച്ച് രാത്രി മുഴുവന്‍ നീണ്ടുനിന്ന ശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് (ശനിയാഴ്ച) രാവിലെ എട്ട് മണിയോടെ റണ്‍വേ പ്രവര്‍ത്തനസജ്ജമായി. കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും രാവിലെ 7:30 മുതല്‍ പുറപ്പെടല്‍ സര്‍വീസുകളും 8:00 മുതല്‍ വരവ് സര്‍വീസുകളും പുനരാരംഭിച്ചതായി അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
