ഓട്ടവ: 2021 ന് ശേഷം ആദ്യമായി കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയെക്കാൾ ലിബറൽ പാർട്ടി മുന്നിലെത്തിയതായി സർവേ റിപ്പോർട്ട്. ഇനിയൊരു ഫെഡറൽ തിരഞ്ഞെടുപ്പ് നടന്നാൽ ലിബറലുകൾക്ക് 38% വോട്ടും കൺസർവേറ്റീവുകൾക്ക് 36% വോട്ടും ലഭിക്കുമെന്ന് ഇപ്‌സോസ് സർവേ ഫലം സൂചിപ്പിക്കുന്നു.
ഈ മാസം ആദ്യം നടത്തിയ അവസാന സർവേയുമായി താരതമ്യം ചെയ്യുമ്പോൾ ലിബറലുകൾക്ക് 10 പോയിന്റുകളാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഫെബ്രുവരി 21 മുതൽ 24 വരെ നടത്തിയ സർവേയിൽ 1,000 കനേഡിയൻ പൗരന്മാരാണ് പങ്കെടുത്തത്. 3.8 ശതമാനം പോയിന്റുകൾക്കുള്ളിൽ സർവേ ഫലങ്ങൾ കൃത്യമാണെന്ന് കണക്കാക്കപ്പെടുന്നു. കൺസർവേറ്റീവുകൾക്ക് മേൽ ലിബറലുകൾ ആധിപത്യം സ്ഥാപിക്കുന്നതായി സമീപകാല വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഏഴ് ആഴ്ചകൾക്കുള്ളിലാണ് ഈ മാറ്റം സംഭവിച്ചത്. ഉടൻ പ്രാബല്യത്തിൽ വരാനിരിക്കുന്ന യുഎസ് താരിഫുകളെക്കുറിച്ചും രാജ്യം ആശങ്കാകുലരാണ്.

അതേസമയം, കൺസർവേറ്റീവുകൾക്ക് നിർണായക വോട്ടർമാർക്കിടയിലുള്ള പിന്തുണയിൽ അഞ്ച് പോയിന്റ് ഇടിവ് രേഖപ്പെടുത്തി. എൻഡിപി 12 ശതമാനവും ബ്ലോക്ക് കെബെക്കോയിസ് 6 ശതമാനവും ഇടിവ് നേരിട്ടു. ഫെബ്രുവരി ആദ്യം നടന്ന ഇപ്‌സോസ് സർവേയിൽ കൺസർവേറ്റീവ് പാർട്ടിക്ക് 41 ശതമാനം പിന്തുണയും ലിബറലുകൾക്ക് 28 ശതമാനം പിന്തുണയുമായിരുന്നു ലഭിച്ചത്.
ലിബറൽ നേതൃത്വം മാറുകയാണെന്നും ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം വരാൻ പോകുന്ന ലിബറൽ പാർട്ടിയുടെ പുതിയ നേതാവിനെ കാണാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ടെന്നും ഇപ്‌സോസ് പബ്ലിക് അഫയേഴ്‌സ് സിഇഒ ഡാരെൽ ബ്രിക്കർ പറഞ്ഞു.