വൻകൂവർ : തെക്കൻ ബ്രിട്ടിഷ് കൊളംബിയയിൽ തിങ്കളാഴ്ച പുലർച്ചെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ അഞ്ച് മണിയോടെ സിഡ്‌നിയിൽ നിന്ന് 42 കിലോമീറ്റർ കിഴക്ക് യുഎസ് സാൻ ജുവാൻ ദ്വീപുകൾക്ക് സമീപം 17 കിലോമീറ്റർ താഴ്ചയിലാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് എർത്ത്ക്വേക്ക് കാനഡ റിപ്പോർട്ട് ചെയ്തു. അതേസമയം, സാൻ ജുവാൻ ദ്വീപിലെ ഒർകാസ് ദ്വീപിൽ നിന്ന് 10 മൈൽ കിഴക്കായി 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ പറയുന്നു. വിക്ടോറിയയിലും വൻകൂവറിലും നേരിയ കുലുക്കം അനുഭവപ്പെട്ടതായി അധികൃതർ പറയുന്നു. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ സുനാമി ഭീഷണിയുമില്ല.

വിക്ടോറിയയിൽ നിന്ന് 45 കിലോമീറ്ററും വൻകൂവർ നഗരമധ്യത്തിൽ നിന്നും ഏകദേശം 70 കിലോമീറ്ററും അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് നാച്ചുറൽ റിസോഴ്‌സ് കാനഡ ശാസ്ത്രജ്ഞൻ ജോൺ കാസിഡി അറിയിച്ചു. രാവിലെയുണ്ടായ ഭൂചലനത്തെ തുടർന്ന് പ്രദേശത്തിന് ചുറ്റും ചില തുടർചലനങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രണ്ടു ആഴ്ചയ്ക്കിടെ തെക്കുപടിഞ്ഞാറൻ ബ്രിട്ടിഷ് കൊളംബിയയിൽ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂചലനമാണ്. ഫെബ്രുവരി 21-ന് ഉച്ചകഴിഞ്ഞ് സെചെൽറ്റിന് സമീപം 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പിന്നീട് ഗ്രേറ്റർ വിക്ടോറിയയിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും റിപ്പോർട്ട് ചെയ്തിരുന്നു.
