വാഷിങ്ടന്‍: സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ടെസ്‌ല സൈബര്‍ ട്രക്കുകള്‍ തിരിച്ചുവിളിക്കുന്നു. വിന്‍ഡ്ഷീല്‍ഡിന്റെ ഇരു വശങ്ങളിലുമുള്ള പാനല്‍ വേര്‍പെട്ട് പോകാന്‍ സാധ്യതയുണ്ടെന്നും ഇത് മറ്റ് റോഡ് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് തിരിച്ചുവിളിക്കല്‍. നാല്‍പത്താറായിരത്തിലധികം സൈബര്‍ട്രക്കുകളെ ഉള്‍ക്കൊള്ളുന്ന നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനാണ് (NHTSA) തിരിച്ചുവിളിക്കല്‍ ഉത്തരവിട്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്ത ശേഷം ടെസ്ല നിര്‍മ്മിത വാഹനങ്ങളുടെ എട്ടാമത്തെ തിരിച്ചുവിളിക്കല്‍ ആണിത്.

വിന്‍ഡ്ഷീല്‍ഡിനും ഇരുവശത്തുമുള്ള റൂഫിനും ഇടയിലുള്ള കാന്റ് റെയില്‍ ഒരു തരം പശ ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നത് എന്ന്് NHTSA റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാലാണ് അപകട സാധ്യതയെന്നാണ് വിലയിരുത്തല്‍. തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വാഹനങ്ങളുടെ പാനലുകള്‍ കമ്പനി തന്നെ മാറ്റി സ്ഥാപിക്കുകയും ശേഷം വാഹന ഉടമകള്‍ക്ക് തിരികെ നല്‍കുകയും ചെയ്യുമെന്ന് ടെസ്‌ല അറിയിച്ചു. വാഹനം തിരകെ നല്‍കുന്നത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ഉടമകള്‍ക്ക് 2025 മെയ് 19 ന് മെയില്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി.
2023 നവംബര്‍ 13 മുതല്‍ 2025 ഫെബ്രുവരി 27 വരെ നിര്‍മ്മിച്ച 2024, 2025 മോഡല്‍ 46,096 സൈബര്‍ട്രക്കുകളാണ് തിരിച്ചുവിളിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍.അതേ സമയം ഈ വര്‍ഷം ആദ്യം തന്നെ ടെസ്ല ഈ പ്രശ്നത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന് NHTSA ഉത്തരവില്‍ പറയുന്നു.