ഓട്ടവ : അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യാത്ര മുന്നറിയിപ്പ് നൽകി കനേഡിയൻ ഗവൺമെൻ്റ്. യുഎസ് അതിർത്തി ഏജൻ്റുമാർ യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചാൽ ഇടപെടാൻ കഴിയില്ലെന്ന് ഫെഡറൽ സർക്കാർ കനേഡിയൻ പൗരന്മാരെ ഓർമ്മിപ്പിക്കുന്നു. കനേഡിയൻ പൗരന്മാർക്ക് അടക്കം യുഎസിലേക്ക് പ്രവേശനം നിഷേധിക്കുകയും ഇമിഗ്രേഷൻ കേന്ദ്രങ്ങളിൽ തടഞ്ഞുവെക്കുകയും ചെയ്തതോടെയാണ് പുതിയ മുന്നറിയിപ്പ് നൽകിയത്.

യു.എസ് അധികാരികൾ അതിർത്തി പ്രവേശന മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ അതിർത്തിയിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ രജിസ്‌ട്രേഷന്‍ നിയമങ്ങളെക്കുറിച്ച് യു എസിലേക്ക് ദീര്‍ഘദൂര യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കണമെന്നും സർക്കാർ അറിയിച്ചു. 30 ദിവസത്തില്‍ കൂടുതല്‍ യുഎസ് സന്ദര്‍ശിക്കുന്ന കനേഡിയന്‍ പൗരന്മാരും മറ്റ് വിദേശ പൗരന്മാരും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് നിഷ്കർഷിക്കുന്നു. ജനുവരി 20-ന് ഒപ്പുവച്ച യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ അമേരിക്കന്‍ ജനതയെ അധിനിവേശത്തിൽ നിന്നും സംരക്ഷിക്കുക എന്ന എക്‌സിക്യൂട്ടീവ് ഉത്തരവിന്‍റെ ഭാഗമായ ഈ നിയമം ഒരു അമേരിക്കന്‍ പൗരനോ സ്ഥിര താമസക്കാരനോ അല്ലാത്ത എല്ലാവർക്കും ബാധകമാണ്. രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങൾ പാലിക്കുന്നതില്‍ പരാജയപ്പെടുന്നവർ പിഴയോ പ്രോസിക്യൂഷനോ നേരിടേണ്ടി വരും. സന്ദർശകർക്ക് യുഎസ് കസ്റ്റംസ് ബോർഡർ പ്രൊട്ടക്ഷൻ വെബ്‌സൈറ്റിൽ അവരുടെ I-94 പ്രവേശന ഫോം നോക്കി സ്വയമേവ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയും.

അതേസമയം, യാത്രയ്ക്കിടെ ഉണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാൻ കനേഡിയൻ യാത്രക്കാർ ഈ മാനദണ്ഡങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും, യുഎസ് പ്രവേശന നിബന്ധനകൾ പാലിക്കാത്ത യാത്രക്കാർക്ക് വേണ്ടി ഇടപെടാൻ കഴിയില്ലെന്നും കനേഡിയൻ സർക്കാർ മുന്നറിയിപ്പ് നൽകുന്നു.
