Wednesday, April 15, 2026

രാജ്യാന്തര യാത്രക്കൊരുങ്ങുകയാണോ നിങ്ങൾ; എന്നാൽ ഈ നിർദേശങ്ങൾ അറിഞ്ഞിരിക്കണം

ഓട്ടവ : കാനഡക്കാർ ഇനി രാജ്യാന്തര യാത്രക്കൊരുങ്ങുമ്പോൾ ചില കാര്യങ്ങൾകൂടി അറിഞ്ഞിരിക്കണം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പടെയുള്ള രാജ്യങ്ങൾ അതിർത്തിസുരക്ഷാ ശക്തമാക്കി. അതിന്റെ ഭാഗമായി ഇനി അതിർത്തി കടക്കുമ്പോൾ യാത്രക്കാരുടെ കൈവശമുള്ള ഫോണുകൾ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ സുരക്ഷാ പരിശോധനകൾക്ക് വിധേയമാകേണ്ടി വരും. യുഎസ് അതിർത്തി ഏജന്റുമാർക്ക് നിങ്ങളുടെ കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിക്കാൻ അവകാശമുണ്ടെന്നും അതിനാൽ അവർ ആവശ്യപ്പെടുകയാണെങ്കിൽ നിങ്ങളുടെ ഫോൺ പാസ്സ്‌വേർഡ് നൽകാൻ മടി കാണിക്കരുതെന്നും കനേഡിയൻ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ സമീപകാലത്തെ സുരക്ഷാപരിശോധനകളുടെ ഭാഗമായി യാത്രക്കാർ അവരുടെ സ്വകാര്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎസ് വീസയുള്ള ബ്രൗൺ യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ ഫോണിൽ നിന്ന് അതിർത്തി ഏജന്റുമാർ ഹിസ്ബുള്ള നേതാവിന്റെ ഫോട്ടോ കണ്ടെത്തിയതിനെത്തുടർന്ന് ലെബനനിലേക്ക് കടത്തിയ സംഭവം സർക്കാർ ഉദാഹരണമായി മുന്നോട്ട് വെക്കുന്നു. ഇത്തരം സംഭവങ്ങൾ മുൻനിർത്തി കാനഡ സർക്കാർ യാത്രക്കാർക്കായി ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രധാന നിർദേശങ്ങൾ

>നിങ്ങൾ രാജ്യാന്തര യാത്രക്കൊരുങ്ങുമ്പോൾ ഫോണിന്റെയോ ലാപ്ടോപിന്റെയോ സ്റ്റോറേജ് ഡ്രൈവ് എൻക്രിപ്റ്റ് ചെയ്യുക

>യാത്ര ചെയ്യുമ്പോൾ മാത്രമായി ഉപയോഗിക്കാവുന്നതരത്തിൽ ഒരു ഫോൺ ഉപയോഗിക്കുക, അതിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പൂർണമായും ഒഴിവാക്കി യാത്രക്കാവശ്യമായ വിവരങ്ങൾ മാത്രം ഉൾപ്പെടുത്തുക

>നിങ്ങൾ ഫോണോ ലാപ്ടോപ്പോ കൊണ്ടുപോകാൻ നിർബന്ധിതരാവുകയാണെങ്കിൽ സെൻസിറ്റീവ് ടാറ്റ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്ന ഒരു ക്ലൗഡ് സ്റ്റോറേജ് സേവനത്തിലേക്ക് അപ്‌ലോഡ് ചെയ്യുക, തുടർന്ന് ഒർജിനൽ ഫയൽ ഇല്ലാതാക്കുക

>ഫിംഗർപ്രിന്റ്, ഫേസ് ലോക്ക് എന്നീ സംവിധാനങ്ങൾ ഒഴിവാക്കി പകരം പിൻ അല്ലെങ്കിൽ പാസ്‌കോഡ് ഉപയോഗിക്കുക

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വെബ്‌സൈറ്റ് പുറത്തുവിട്ട ഡാറ്റ പ്രകാരം 2 തരത്തിലുള്ള ചെക്കിങ്ങുകളാണ് ഉദ്യോഗസ്ഥർ നടത്തുക. ഒന്ന് നിങ്ങളുടെ ഫോണിലെ ഫോട്ടോകൾ, ഇമെയിലുകൾ, ആപ്പുകൾ, ഫയലുകൾ എന്നിവ പരിശോധിക്കും, രണ്ട് നിങ്ങളുടെ കൈവശമുള്ള ലാപ്ടോപ്പ് , ഫോൺ എന്നിവയിലെ വിവരങ്ങൾ മറ്റൊരു ഡിവൈസിലേക്ക് മാറ്റിയുള്ള സൂക്ഷ്മപരിശോധന. എന്നാൽ ഇതിന് ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ ഒപ്പ് ആവശ്യമായുണ്ട്. കൂടാതെ എന്തിനാണ് ഇത്തരത്തിൽ ഒരു പരിശോധന എന്നതിനെപ്പറ്റി ന്യായമായ ഒരു കാരണം ആവശ്യമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!