ടൊറൻ്റോ : സ്കാർബ്റോ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ സർ വിൽഫ്രഡ് ലോറിയർ കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ഏകദേശം 200 മീറ്റർ പടിഞ്ഞാറുള്ള ലിവിങ്സ്റ്റൺ റോഡിലെ ഗിൽഡ്വുഡ് പാർക്ക്‌വേയിലാണ് സംഭവം നടന്നത്.

സർ വിൽഫ്രഡ് ലോറിയർ കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളായ രണ്ടുപേരും ഒരു കൂട്ടം ആളുകളുമായി സംഘർഷമുണ്ടായതായി പൊലീസ് പറയുന്നു. തുടർന്ന് രണ്ടു വിദ്യാർത്ഥികൾക്ക് കുത്തേൽക്കുകയായിരുന്നു. 15-ഉം 16-ഉം വയസ്സുള്ള രണ്ടു വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്. നിസ്സാര പരുക്കേറ്റ ഇരുവരെയും പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ കുത്തേറ്റ സംഭവത്തിൽ അറസ്റ്റ് നടന്നതായി പോലീസ് സ്ഥിരീകരിച്ചു. എന്നാൽ, എത്ര പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവർക്കെതിരെ എന്ത് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവശേഷം കറുത്ത വസ്ത്രം ധരിച്ച ഒന്നിലധികം പ്രതികൾ പ്രദേശത്ത് നിന്നും രക്ഷപ്പെട്ടതായി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. അറസ്റ്റുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.