ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക്കിലെ സെൻ്റ് ജോൺ നഗരത്തിൽ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ആയുധധാരികളായ മൂന്ന് പേരെ തിരയുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ കിങ് സ്ട്രീറ്റ് ഈസ്റ്റിലെ കാർമാർത്തൻ സ്ട്രീറ്റിലാണ് വെടിവെപ്പ് നടന്നതെന്ന് സെൻ്റ് ജോൺ പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് ഒരു വാഹനത്തിനുള്ളിൽ 20 വയസ്സുള്ള ഒരാളുടെ മൃതദേഹം ഉദ്യോഗസ്ഥർ കണ്ടെത്തി. അയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.

പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേർ കാർമാർത്തൻ സ്ട്രീറ്റിലൂടെ യൂണിയൻ സ്ട്രീറ്റിലേക്ക് പോകുന്നത് കണ്ടതായി പൊലീസ് പറയുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കിങ് സ്ട്രീറ്റ് ഈസ്റ്റിൽ തോക്കുമായി പ്രതികളെ കണ്ടതായും തുടർന്ന് അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇരുണ്ട വസ്ത്രം ധരിച്ച വെളുത്ത വർഗ്ഗക്കാരനാണ് ഒരു പ്രതി. ഇളം നീല നിറത്തിലുള്ള ഹൂഡിയും ഇരുണ്ട പാന്റും ധരിച്ച കറുത്ത വർഗ്ഗക്കാരനാണ് രണ്ടാമത്തെയാൾ. തവിട്ട് നിറമുള്ള മുടിയുള്ള വെളുത്ത വർഗ്ഗക്കാരനാണ് മൂന്നാമത്തെയാൾ. ഇയാൾ ഇരുണ്ട നിറത്തിലുള്ള ജാക്കറ്റ് ധരിച്ചിരുന്നതായി പൊലീസ് പറയുന്നു.

പ്രതികളെ തിരയുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്യുന്നതിനാൽ സെൻ്റ് ജോൺ നഗരവാസികൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു. മുൻകരുതൽ എന്ന നിലയിൽ പ്രദേശത്തെ സ്കൂളുകൾ അടച്ചു. കൂടാതെ നിരവധി വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടുണ്ട്. വെടിവയ്പ്പ് കണ്ടവരോ വെടിവയ്പ്പ് നടന്ന സമയത്ത് പ്രദേശത്തു നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ കൈവശമുള്ളവരോ 1-506-648-3333 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് സെൻ്റ് ജോൺ പൊലീസ് അഭ്യർത്ഥിച്ചു.