ടൊറൻ്റോ : ശനിയാഴ്ച ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് ഒഴിവാക്കി ദുർഹം റീജനലുമായി താൽക്കാലിക കരാറിലെത്തിയതായി ദുർഹം ട്രാൻസിറ്റ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ഓഫ് ലോക്കൽ 222. അറുന്നൂറിലധികം ദുർഹം ട്രാൻസിറ്റ് ഓപ്പറേറ്റർമാർ, മെയിന്‍റനൻസ് തൊഴിലാളികൾ, ഡിസ്പാച്ചർമാർ എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയൻ, ജൂൺ 7 മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അടുത്ത ദിവസം പുതിയ കരാർ അംഗീകരിക്കുന്നതിനായി യൂണിയൻ അംഗങ്ങൾ വോട്ട് ചെയ്യും. നിലവിൽ കരാറിന്‍റെ വിശദാംശങ്ങളൊന്നും യൂണിഫോർ ലോക്കൽ 222 വെളിപ്പെടുത്തിയിട്ടില്ല.

സമീപ പ്രദേശങ്ങളായ മിസ്സിസാഗ, ബ്രാംപ്ടൺ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് തൊഴിലാളികൾക്ക് ദുർഹം റീജിയൻ ട്രാൻസിറ്റ് ജീവനക്കാരേക്കാൾ മണിക്കൂറിന് 5 ഡോളർ വരെ കൂടുതൽ വേതനം ലഭിക്കുന്നതാണ് പ്രധാന തർക്കവിഷയം. ഈ വേതനത്തിലെ അന്തരം നികത്തണമെന്നാണ് യൂണിയന്‍റെ പ്രധാന ആവശ്യം. മാർച്ച് 31 മുതലാണ് യൂണിയനും അധികൃതരും തമ്മിൽ കരാർ ചർച്ച ആരംഭിച്ചത്. മെയ് 21-ന് നടന്ന വോട്ടെടുപ്പിൽ 98 ശതമാനം അംഗങ്ങളും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എയ്ജാക്സ്, ബ്രോക്ക്, ക്ലാരിങ്ടൺ, ഓഷവ, പിക്കറിങ്, സ്കൂഗോഗ്, ഉക്സ്ബ്രിഡ്ജ്, വിറ്റ്ബി എന്നിവിടങ്ങളിൽ ദുർഹം റീജിയൻ ട്രാൻസിറ്റ് ബസ് സർവീസുകൾ നടത്തുന്നുണ്ട്.
