ഹാലിഫാക്സ്: കാനഡയിലെ നോവസ്കോഷയിൽ നിർമിക്കാനിരിക്കുന്ന ഏറ്റവും വലിയ ഓൺഷോർ കാറ്റാടിപ്പാടം പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചു. ഓഷ്യൻ ലേക്ക് വിൻഡ് പ്രോജക്ട് എന്ന പേരിലുള്ള ഈ പദ്ധതി ഗൈസ്ബറോ കൗണ്ടിയിലാണ് നടപ്പാക്കുന്നത്. പദ്ധതിക്ക് വേണ്ടി 158 കാറ്റാടികൾ (wind turbines) നിർമ്മിക്കുമെന്ന് പ്രവിശ്യയുടെ പരിസ്ഥിതി വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഓരോ കാറ്റാടിയും 221 മീറ്റർ ഉയരമുള്ളതായിരിക്കും. ന്യൂ ഹാർബർ, ഗോൾഡ്ബറോ, ലാറീസ് റിവർ, ലണ്ടി, റോച്ചേവേൽ തുടങ്ങിയ പ്രദേശങ്ങളോടു ചേർന്നാണ് ഇവ സ്ഥാപിക്കുന്നത്.
2029-ൽ നിർമ്മാണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഏകദേശം അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. ഇതിലൂടെ പ്രതിവർഷം 1.94 മില്യൺ ടൺ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കും .പരിസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കുന്നതിനായി 61 വ്യവസ്ഥകൾ പാലിക്കണമെന്നും അനുമതി നിബന്ധനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എവർവിൻഡ് എൻഎസ് ഹോൾഡിങ്സും (EverWind NS Holdings Ltd) മെമ്പർട്ടോ ഡെവലപ്മെന്റ് കോർപ്പറേഷനും (Membertou Development Corp) ചേർന്നാണ് ഇത് വികസിപ്പിക്കുന്നത്.

പദ്ധതി പ്രവർത്തനക്ഷമമായാൽ ഏകദേശം 1,200 മെഗാവാട്ട് ശുദ്ധ വൈദ്യുതി ഉൽപാദിപ്പിക്കാനാകും. ഇതിലൂടെ ഏകദേശം 4 ലക്ഷം വീടുകൾക്ക് വൈദ്യുതി നൽകാൻ കഴിയും. നിർമാണഘട്ടത്തിൽ 400-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കൂടാതെ പ്രാദേശിക ഭരണകൂടത്തിന് വാർഷികമായി ഏകദേശം 11 മില്യൺ ഡോളർ നികുതി വരുമാനവും ലഭിക്കും.
ഈ പദ്ധതിയിലൂടെ 2030 ഓടെ കൽക്കരി ഉപയോഗം പൂർണ്ണമായി നിർത്തലാക്കുക, അവിടുത്തെ ഹരിതഗൃഹ വാതക പുറന്തള്ളൽ 90 ശതമാനത്തിലധികം കുറയ്ക്കുക എന്നിവയാണ് ഗവൺമെന്റിന്റെ പ്രധാന ലക്ഷ്യം.ഉൽപ്പാദിപ്പിക്കുന്ന വലിയൊരു പങ്ക് ഹരിത ഊർജ്ജവും ഗ്രീൻ ഹൈഡ്രജൻ (Green Hydrogen), അമോണിയ ഉൽപ്പാദനത്തിനായി ഉപയോഗിക്കാനും ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
