മുംബൈ: രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരിച്ചിറക്കുന്നു. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കും ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും പറന്ന വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. ടേക്ക് ഓഫിനെ ശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം തിരിച്ച് വിളിച്ചത്. ഇസ്രേയല്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങള്‍ തിരിച്ച് വിളിച്ചത്. ഇത് കൂടാതെ പത്ത് ഇന്ത്യന്‍ വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നാണ് വിവരം.
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് മടങ്ങി. AIC 129 വിമാനമാണ് മടങ്ങിവരുന്നത്. ഇന്ന് രാവിലെ പുറപ്പെട്ട വിമാനമാണ് മടങ്ങിവരുന്നത്. ഫ്ലൈറ്റ് റഡാര്‍ പ്രകാരമാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിമാനങ്ങള്‍ ഇറാന്റെ വ്യോമമേഖല വഴി കടന്നുപോകാന്‍ സാധ്യതയുളളതിനാലാവാം തിരിച്ചു വിളിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. അഞ്ച് സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. പ്രത്യാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇസ്രയേലില്‍ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
