കാൽഗറി : വാരാന്ത്യത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ബോ നദിയിൽ ഏർപ്പെടുത്തിയ ബോട്ടിങ് നിരോധനം പിൻവലിച്ചതായി കാൽഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റ് (CFD). നദിയിൽ ഒഴുക്ക് ശക്തമായതിനെ തുടർന്ന് ബോട്ടിങും നീന്തലും സുരക്ഷിതമല്ലെന്ന് കാൽഗറി സിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ബോ, എൽബോ നദികളിലെ ഒഴുക്ക് കുറഞ്ഞതായി CFD പറയുന്നു.

അതേസമയം നിരോധനം പിൻവലിച്ചെങ്കിലും കാൽഗറി നിവാസികൾ ബോ, എൽബോ നദികൾക്ക് ചുറ്റും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സിഎഫ്‌ഡിയും അക്വാട്ടിക്‌സ് സംഘവും നഗരത്തിലെ നദികൾ നിരീക്ഷിക്കുകയും പട്രോളിങ് നടത്തുകയും ചെയ്യുന്നത് തുടരും. എല്ലാ വാട്ടർക്രാഫ്റ്റ് ഉപയോക്താക്കളും ലൈഫ് ജാക്കറ്റുകൾ ധരിക്കണം. സുരക്ഷിതമായ ബോട്ടിങ്ങിന് ആവശ്യമായ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ ബോട്ടിങ്ങിനിടെ മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കാൽഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റ് നിർദ്ദേശിച്ചു.