കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരുടെ പങ്ക് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) നിർദേശം നൽകി ഹൈക്കോടതി. സ്വർണപ്പാളികൾ കാണാതായത് കൂടാതെ ക്രിമിനൽ ഗൂഢാലോചനയിൽ ദേവസ്വം ബോർഡ് അധികൃതർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിൽ വരും.
സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മിനിറ്റ്സ് ബുക്ക് പിടിച്ചെടുക്കാനും പകർപ്പ് നൽകാനും കോടതി നിർദേശം നൽകി. 2019-ലെ സ്വർണക്കൊള്ള മറച്ചുവെക്കുന്നതിന്റെ ഭാഗമായാണോ 2025-ൽ ദ്വാരപാലക ശിൽപ്പങ്ങൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന കാര്യവും എസ്ഐടി അന്വേഷിക്കണമെന്നാണ് ഉത്തരവ്.

ദേവസ്വം ഉദ്യോഗസ്ഥരുടെ വീഴ്ചകൾക്ക് ബോർഡിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും, ഉദ്യോഗസ്ഥരുടെ മേൽ ബോർഡിന് നിയമപരമായ നിയന്ത്രണമുണ്ടാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഈ നിർണായക നടപടി സ്വീകരിച്ചത്.
