ലണ്ടൻ: ബംഗ്ലാദേശിലെ മൈമൻസിംഗിൽ ഹിന്ദു യുവാവായ ദീപു ചന്ദ്ര ദാസിനെ (27) ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ ലണ്ടനിൽ ശക്തമായ പ്രതിഷേധം. ലണ്ടനിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾ ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു. ഡിസംബർ 18-ന് മൈമൻസിംഗിലെ ഭലുകയിലുള്ള ഒരു ഗാർമെന്റ്സ് ഫാക്ടറിയിൽ വെച്ച് പ്രവാചകനിന്ദ ആരോപിച്ചാണ് ദീപു ദാസിനെ ഒരു സംഘം മർദ്ദിച്ചത്. തുടർന്ന് ഇയാളെ കെട്ടിത്തൂക്കി തീകൊളുത്തുകയായിരുന്നു. ‘ബംഗാളി ഹിന്ദു ആദർശ സംഘം’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ലണ്ടനിൽ പ്രതിഷേധം നടന്നത്. 500-ലധികം പ്രതിഷേധക്കാർ “Hindu Lives Matter” എന്നെഴുതിയ പ്ലക്കാർഡുകളുമായി പങ്കെടുത്തു. പ്രതിഷേധത്തിനിടെ ഖലിസ്ഥാനി പതാകകളുമായി എത്തിയ ഒരു സംഘം ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയത് നേരിയ സംഘർഷത്തിന് കാരണമായി. ഉടൻ തന്നെ ലണ്ടൻ പോലീസ് ഇടപെട്ട് ഇരു വിഭാഗങ്ങളെയും മാറ്റി നിർത്തി.

ദീപു ദാസ് മതനിന്ദ നടത്തിയതിന് തെളിവുകളൊന്നുമില്ലെന്ന് ബംഗ്ലാദേശ് അന്വേഷണ ഏജൻസിയായ റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (RAB) വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഫാക്ടറി ജീവനക്കാരടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ കൊലപാതകത്തെ ശക്തമായി അപലപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ദീപു ദാസിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സംഭവത്തെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
