ഓട്ടവ: ആഗോള ഊർജ്ജ വിപണിയെ പ്രതിസന്ധിയിലാക്കി ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി സഖ്യകക്ഷികൾക്കൊപ്പം സഹകരിക്കാൻ കാനഡ തയ്യാറെടുക്കുന്നു. മേഖലയിൽ വെടിനിർത്തൽ നടപ്പിലായാൽ കപ്പലുകളും സൈബർ സാങ്കേതിക വിദ്യയും അയക്കുന്നത് പരിഗണിക്കുമെന്ന് കാനഡ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി അറിയിച്ചു.
യുദ്ധക്കപ്പലുകൾ, കടലിലെ കുഴിബോംബുകൾ നീക്കം ചെയ്യാനുള്ള വൈദഗ്ദ്ധ്യം, രഹസ്യാന്വേഷണ വിവരങ്ങൾ, സൈബർ സുരക്ഷാ സേവനങ്ങൾ എന്നിവ നൽകാനാണ് കാനഡ ആലോചിക്കുന്നത്. നിലവിലുള്ള സംഘർഷങ്ങളിൽ നേരിട്ട് ഇടപെടില്ലെന്നും, വെടിനിർത്തൽ കരാർ നിലവിൽ വന്നാൽ മാത്രമേ ഈ സഹായങ്ങൾ നൽകൂ എന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ പെട്രോളിയത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഒരു മാസമായി ഇറാൻ ഈ പാത തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി.

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാത തുറക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഫ്രഞ്ച് സർക്കാരിന്റെ നേതൃത്വത്തിലുള്ള നീക്കങ്ങളിൽ പങ്കുചേരാനാണ് കാനഡയുടെ തീരുമാനം. അതേസമയം, യുദ്ധവുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങൾ പുറത്തുവിടാത്തതിൽ കാനഡ സർക്കാരിനെതിരെ വിമർശനം ഉയരുന്നുണ്ട്. എന്നാൽ സൈനികരുടെ സുരക്ഷ കണക്കിലെടുത്താണ് വിവരങ്ങൾ രഹസ്യമായി വെക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഇറാന്റെ ആയുധ ഇടപാടുകൾക്ക് സഹായിക്കുന്ന ബിസിനസുകാർക്കും കമ്പനികൾക്കുമെതിരെ കാനഡ പുതിയ ഉപരോധങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് എന്ന റിപ്പോർട്ടു പുറത്തുവരുന്നുണ്ട്.
