ഓട്ടവ: കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ്‌ജെറ്റിലെ പുതിയ സീറ്റ് ക്രമീകരണം വലിയ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി റിപ്പോർട്ട്. വിമാനത്തിനുള്ളിൽ കൂടുതൽ സീറ്റുകൾ ഉൾപ്പെടുത്താനായി ലെഗ്‌റൂംകുറച്ചതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.
സീറ്റുകൾ തമ്മിലുള്ള അകലം കുറഞ്ഞതോടെ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം റിപ്പോർട്ട് ചെയ്യപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് സ്വയം പുറത്തുകടക്കാനാവാത്തത് വലിയ സുരക്ഷാ പ്രശ്നം ആണെന്ന് അധികൃതർക്ക് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഡിസംബറിൽ തന്നെ ട്രാൻസ്‌പോർട്ട് കാനഡയ്ക്ക് പരാതി ലഭിച്ചിരുന്നുവെങ്കിലും എയർലൈൻ ഇത് പരിശോധിക്കുന്നുണ്ടെന്ന മറുപടിയാണ് നൽകിയത്. എന്നാൽ ഇതിന് ശേഷവും ജനുവരിയിൽ സമാനമായ രീതിയിൽ യാത്രക്കാർ വിമാനത്തിനുള്ളിൽ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടായി.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജനുവരി 16-ഓടെ വെസ്റ്റ്‌ജെറ്റ് പുതിയ സീറ്റ് ക്രമീകരണം പിൻവലിച്ചു. 180 സീറ്റുകൾ ഉണ്ടായിരുന്ന വിമാനങ്ങൾ 174 സീറ്റുകളുള്ള പഴയ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ കാനഡയിൽ സീറ്റുകൾ തമ്മിലുള്ള അകലം സംബന്ധിച്ച് പ്രത്യേക നിയമങ്ങളില്ലെന്ന് ട്രാൻസ്‌പോർട്ട് കാനഡ വ്യക്തമാക്കി. എങ്കിലും അന്വേഷണത്തിൽ നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
