ലൊസാഞ്ചലസ്: പ്രശസ്ത അമേരിക്കൻ പോപ്പ് ഗായിക കെറ്റി പെറിക്കെതിരെ ഗൗരവകരമായ ലൈംഗിക അതിക്രമ ആരോപണവുമായി ഓസ്‌ട്രേലിയൻ നടിയും ഡിജെയുമായ റൂബി റോസ്. ഏകദേശം 15 വർഷം മുമ്പ് മെൽബണിലെ ഒരു നൈറ്റ് ക്ലബിൽ വെച്ച് കാറ്റി പെറി തന്നെ പീഡിപ്പിച്ചു എന്നാണ് റൂബി റോസ് വെളിപ്പെടുത്തിയത്. എന്നാൽ ഈ ആരോപണങ്ങൾ കാറ്റി പെറിയുടെ വക്താക്കൾ ശക്തമായി നിഷേധിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ത്രെഡ്‌സി’ലൂടെയാണ് ‘ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്’ താരം കൂടിയായ റൂബി റോസ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 2010 ഓഗസ്റ്റിൽ മെൽബണിലെ ‘സ്പൈസ് മാർക്കറ്റ്’ നൈറ്റ് ക്ലബിൽ വെച്ചാണ് സംഭവം നടന്നതെന്ന് അവർ പറഞ്ഞു.
താൻ ഒരു സുഹൃത്തിന്റെ മടിയിൽ വിശ്രമിക്കുമ്പോഴാണ് കാറ്റി പെറി അനുചിതമായി പെരുമാറിയെന്ന് റൂബി റോസ് പറഞ്ഞു. സംഭവത്തിന് സാക്ഷികളുണ്ടെന്നും തന്റെ പക്കൽ ഫോട്ടോ തെളിവുകൾ ഉണ്ടെന്നും അവർ അവകാശപ്പെട്ടു. ഭയം കാരണവും പിന്നീട് തന്റെ യുഎസ് വിസ ലഭിക്കാൻ കാറ്റി പെറി സഹായിക്കാമെന്ന് ഏറ്റതുകൊണ്ടുമാണ് അന്ന് പരാതി നൽകാതിരുന്നതെന്നും റോസ് വെളിപ്പെടുത്തി.

അതേ സമയം കാറ്റി പെറിയുടെ പ്രതിനിധികൾ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു. “റൂബി റോസ് പ്രചരിപ്പിക്കുന്ന കാര്യങ്ങൾ കേവലം അസത്യം മാത്രമല്ല, അപകടകരവും നിരുത്തരവാദപരവുമായ നുണകളുമാണ്,” എന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പല പ്രമുഖർക്കെതിരെയും ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന ചരിത്രം റൂബി റോസിനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞെങ്കിലും താൻ ഇപ്പോൾ പരാതി നൽകിയിട്ടുണ്ടെന്ന് റൂബി റോസ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന കോച്ചെല്ല സംഗീതമേളയിൽ കാറ്റി പെറിയുടെയും പങ്കാളിയുമായ കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെയും പ്രണയനിമിഷങ്ങൾ വാർത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് റൂബി റോസ് ഈ പഴയ സംഭവം വെളിപ്പെടുത്തിയത്
