ഹിയേഴ്‌സ്റ്റ്: ഒൻ്റാരിയോ പ്രവിശ്യാ പോലീസിലെ (OPP) യുവ ഉദ്യോഗസ്ഥനായ കോൺസ്റ്റബിൾ തരുൺ ബാലി ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ചു.
ജെയിംസ് ബേ ഡിറ്റാച്ച്‌മെന്റിനൊപ്പമുള്ള അന്വേഷണ ചുമതലയിലായിരിക്കെയാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഹിയേഴ്‌സ്റ്റിന് സമീപമുള്ള കെൻഡൽ കൺസെഷൻ റോഡ് 7-ഉം കൺസെഷൻ റോഡ് 6-ഉം ചേരുന്ന ഭാഗത്ത് നടന്ന അന്വേഷണത്തിനിടെയാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഒപിപിയുടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് നടത്തുകയാണ്. ഒൻ്റാരിയോ ചീഫ് കൊറോണറുടെ ഓഫീസും ഫോറൻസിക് പാത്തോളജി സർവീസും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്.
ഒപിപി കമ്മീഷണർ തോമസ് കാരിക്ക് അനുശോചനം രേഖപ്പെടുത്തി. മറ്റുള്ളവരെ സേവിക്കാനുള്ള തരുൺ ബാലിയുടെ ധൈര്യവും പ്രതിബദ്ധതയും ഒരിക്കലും മറക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അനുശോചനം അറിയിച്ചു. ഒപിപി അസോസിയേഷനും കനേഡിയൻ പോലീസ് അസോസിയേഷനും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് വിവരമുള്ളവർ 1-888-310-1122 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സ് വഴിയോ പോലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
