ദുബായ്: ദുബായിലെ വിസ്മയ കാഴ്ചകളിൽ ഒന്നായ ബുർജ് അൽ അറബ് ഹോട്ടൽ നവീകരണത്തിനായി താൽക്കാലികമായി അടച്ചിടുന്നു. 1999-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇത്രയും ദീർഘമായ കാലയളവിലേക്ക് ഹോട്ടൽ അടച്ചിടുന്നത് ഇതാദ്യമായാണ്. ഏകദേശം 18 മാസത്തോളം നീണ്ടുനിൽക്കുന്ന വിപുലമായ അറ്റകുറ്റപ്പണികളാണ് ഇവിടെ നടക്കുക.
ഇറാനുമായുള്ള യുദ്ധസാഹചര്യത്തെ തുടർന്ന് മേഖലയിലെ ടൂറിസം രംഗത്തുണ്ടായ മാന്ദ്യമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാർച്ച് ആദ്യവാരത്തിൽ ഇറാൻ ആക്രമണത്തെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ഹോട്ടലിന്റെ മുൻവശത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടൽ ഉടമകൾ വിപുലമായ നവീകരണ പദ്ധതി പ്രഖ്യാപിച്ചത്.

പാരീസ് ആസ്ഥാനമായുള്ള പ്രശസ്ത ഇന്റീരിയർ ആർക്കിടെക്റ്റ് ട്രിസ്റ്റൻ ഔറിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക. ഘട്ടം ഘട്ടമായി ഹോട്ടലിന്റെ ഇന്റീരിയറിലും മാറ്റങ്ങൾ വരുത്തും. ജുമൈറ ഗ്രൂപ്പിന് കീഴിലുള്ള ഈ ആഡംബര ഹോട്ടൽ അടച്ചിടുന്ന സമയത്ത് ബുക്കിംഗ് ഉള്ള അതിഥികൾക്ക് സമീപത്തെ മറ്റ് ഹോട്ടലുകളിൽ താമസ സൗകര്യം ഒരുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
സാഹചര്യം അനുസരിച്ച് അടച്ചുപൂട്ടൽ കാലയളവിൽ മാറ്റങ്ങൾ വന്നേക്കാം. ദുബായിലെ ടൂറിസം രംഗം പഴയ പ്രതാപത്തിലേക്ക് തിരികെയെത്തുന്നതോടെ പുതിയ മാറ്റങ്ങളുമായി ബുർജ് അൽ അറബ് വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
