Wednesday, April 15, 2026

ഒന്റാരിയോയിൽ വൻ സുരക്ഷാ വീഴ്ച; 150-ലധികം തടവുകാരെ ജയിലുകളിൽ നിന്ന് തെറ്റായി വിട്ടയച്ചു

ഒന്റാരിയോ: ഒന്റാറിയോയിലെ ജയിലുകളിൽ നിന്ന് 150-ലധികം തടവുകാരെ തെറ്റായി വിട്ടയച്ച സംഭവത്തിൽ ശക്തമായ അന്വേഷണത്തിന് ഉത്തരവിട്ട് പ്രീമിയർ ഡഗ് ഫോർഡ്. ഈ ഗുരുതരമായ സുരക്ഷാ വീഴ്ച എങ്ങനെയുണ്ടായി എന്ന് കണ്ടെത്തുമെന്ന് അദ്ദേഹം അറിയിച്ചു. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളാണ് സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്.

2021-നും 2025-നും ഇടയിലുള്ള കാലയളവിൽ 157 തടവുകാരെയാണ് അധികൃതർ അബദ്ധത്തിൽ വിട്ടയച്ചത്. ഗ്ലോബൽ ന്യൂസാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ജയിലുകളിലെയും കോടതികളിലെയും ഭരണപരമായ പിഴവുകളാണ് ഈ വിട്ടയക്കലുകൾക്ക് കാരണമായതെന്ന് രേഖകൾ വ്യക്തമാക്കുന്നു. സാഹചര്യം അങ്ങേയറ്റം അസ്വീകാര്യമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഡഗ് ഫോർഡ് അറിയിച്ചു.

ഒരു തടവുകാരൻ പോലും ഇത്തരത്തിൽ തെറ്റായി പുറത്തുപോകാൻ പാടില്ലെന്ന് സോളിസിറ്റർ ജനറൽ മൈക്കൽ കെർസ്നർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ അദ്ദേഹം ഉത്തരവിട്ടു. ഒന്റാരിയോയിലെ ജയിലുകളിൽ തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി വരും പതിറ്റാണ്ടുകളിൽ വലിയ തോതിലുള്ള ജയിൽ വിപുലീകരണ പദ്ധതികൾക്കാണ് ഫോർഡ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താനാണ് പ്രവിശ്യാ സർക്കാരിന്റെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!