മുംബൈ: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ചരക്ക് നീക്കത്തിലെ തടസ്സങ്ങളും തുടരുന്നതിനിടയിലും ഇന്ത്യയുടെ വ്യാപാര കമ്മിയില്‍ വന്‍ കുറവ്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം വ്യാപാര കമ്മി ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 20.67 ബില്യണ്‍ ഡോളറിലെത്തി. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഉണ്ടായ 17.4 ശതമാനം വര്‍ധനയാണ് ഇന്ത്യക്ക് വലിയ നേട്ടമായത്.
അമേരിക്കന്‍ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് തീരുവ 10 ശതമാനമായി കുറഞ്ഞത് തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ തുണയായി. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം കാരണം മിഡില്‍ ഈസ്റ്റിലേക്കുള്ള കയറ്റുമതിയില്‍ 3.5 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായതായി വ്യാപാര സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അറിയിച്ചു. എങ്കിലും ക്രൂഡ് ഓയില്‍, സ്വര്‍ണ്ണം എന്നിവയുടെ ഇറക്കുമതി കുറഞ്ഞത് തിരിച്ചടി നേരിടാന്‍ ഇന്ത്യയെ സഹായിച്ചു.

കൂടാതെ, സേവന മേഖലയില്‍ 18.24 ബില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാക്കാനും ഇന്ത്യക്ക് സാധിച്ചു. അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ സംഘം ഏപ്രില്‍ 20-ന് വാഷിംഗ്ടണ്‍ സന്ദര്‍ശിക്കും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ ഏകദേശം 18 ശതമാനമായി കുറയ്ക്കാനാണ് ഇന്ത്യ ഈ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.
